ചണ്ഡീഗഢ്: ബീഫ് കടത്തുകയാണെന്നാരോപിച്ച് ഒഡീഷയില്‍ ട്രക്കിന് തീയിട്ടു. ഒഡീഷയുടെ തീരദേശമായ ഗഞ്ചാം ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

ഭുവനേശ്വറില്‍ നിന്നും ആന്ധ്രപ്രദേശിലേക്കു പോകുകയായിരുന്നു ട്രക്ക്. ഗോലന്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാണ്ട എന്ന സ്ഥലത്തുവെച്ച് ട്രക്ക് മറിഞ്ഞു.

വാഹനം ഉയര്‍ത്താന്‍ ഡ്രൈവറും ക്ലീനറും ക്രെയിന്‍ വിളിച്ചു വാഹനം ഉയര്‍ത്തിയതോടെ റോഡില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതാണ് കണ്ടത്. ഈ വാര്‍ത്തയറിഞ്ഞതോടെ വി.എച്ച്.പി, ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സ്ഥലത്തെത്തുകയും വാഹനത്തിന്റെ വാതില്‍ തുറയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

പ്രദേശം സംഘര്‍ഷഭരിതമായതോടെ ട്രക്ക് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. ഇതോടെ വി.എച്ച്.പി, ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ വാഹനത്തിനു തീയിടുകയും എന്‍.എച്ച് 16ന് ബ്ലോക്കു ചെയ്യുകയും ചെയ്‌തെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ അശോക് മോഹന്തി പറയുന്നു.

ഫയര്‍ എഞ്ചിനുകള്‍ പെട്ടെന്നു തന്നെ സ്ഥലത്തെത്തിയെങ്കിലും ട്രക്ക് പകുതിയിലേറെ കത്തിയിരുന്നു. ട്രക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.


Also Read: ‘മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്’; 50,000 കോടി ആസ്തിയുള്ള പൊതുമേഖല സ്ഥാപനത്തിന് കേന്ദ്രം 518 കോടി വിലയിട്ടതിന്റെ തെളിവു പുറത്തുവിട്ട് എം.ബി രാജേഷ് എം.പി


നിലവിലെ നിയമപ്രകാരം ട്രക്ക് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. കൂടാതെ ട്രക്കില്‍ ബീഫ് തന്നെയാണോ ഉണ്ടായിരുന്നതെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രക്കിനു തീയിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ഈവര്‍ഷം മെയ് മാസത്തില്‍ കട്ടക്കില്‍ നിന്നും ഹൈദരാബാദിലേക്കു പോകുകയായിരുന്ന ട്രക്ക് അലക്ഷ്യമായി ഓടിച്ചതിന്റെ പേരില്‍ ഭുവനേശ്വറിലെ പ്രദേശവാസികള്‍ കസ്റ്റഡിയിലെടുത്തിരുന്നു. 1960ലെ ഒഡീഷ ഗോഹത്യ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് നിരോധിച്ചതാണ്.

പശുവിനെ കൊല്ലുന്നത് രണ്ടുവര്‍ഷംവരെ തടവും അല്ലെങ്കില്‍ 1000രൂപ പിഴയും ഇതു രണ്ടുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.