എഡിറ്റര്‍
എഡിറ്റര്‍
സംശയകരമായ സാഹചര്യത്തില്‍ കന്യാസ്ത്രീയ്‌ക്കൊപ്പം കണ്ട വൈദികനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു
എഡിറ്റര്‍
Thursday 31st May 2012 9:43am

കണ്ണൂര്‍: കന്യാസ്ത്രീയ്‌ക്കൊപ്പം ഒരേ കാറില്‍ യാത്രചെയ്ത വൈദികനെ നാട്ടുകാര്‍ ആക്രമിച്ചു. കാര്യപ്പള്ളി സെന്റ് മേരീസ് ഇടവക വികാരി ഫാ. വര്‍ഗീസ് ചെരിയംപുറത്താണ് നാട്ടുകാരുടെ ആക്രമണത്തിനിരയായത്. കാറില്‍ കന്യാസ്ത്രീയുമായി അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതിനാലാണ് വൈദികനെ മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ രാവിലെ 9മണിക്ക് കാര്യപ്പള്ളിയില്‍ പിലാത്തറയിലായിരുന്നു സംഭവം നടന്നത്. കാര്യപ്പള്ളിയില്‍ നിന്നു തലശേരി അതിരൂപത കേന്ദ്രത്തിലേക്കു കാറില്‍ പോകുകയായിരുന്നു ഫാ. വര്‍ഗീസ്.  കാര്‍ തടഞ്ഞ് ഡോര്‍ ബലമായി തുറന്നപ്പോള്‍ ഇരുവരെയും നഗ്നരായാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കന്യാസ്ത്രീയെ ബസില്‍ കയറ്റിവിടുകയും വൈദികനെ മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് നാട്ടുകാരുടെ വിശദീകരണം.

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് 24കാരിയായ കന്യാസ്ത്രീ. കന്യാസ്ത്രീ വരുന്നതും കാത്ത് രാവിലെ 7.30 മുതല്‍ വൈദികന്‍ പിലാത്തറയിലുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അവിചാരിതമായി കന്യാസ്ത്രീയെ ബസ് സ്റ്റോപ്പില്‍ കണ്ട വൈദികന്‍ അവരെ കാറില്‍ കയറ്റുകയാണുണ്ടായതെന്നാണ് സഭ പറയുന്നത്. വൈദികനെതിരെയുണ്ടായത് സദാചാര പോലീസ് ആക്രമണമാണെന്നും സി.പി.ഐ.എമ്മാണ് ഇതിന് പിന്നിലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

ഫാ. വര്‍ഗീസിനെ ക്രൂരമായി മര്‍ദ്ദിച്ച അക്രമികള്‍ കന്യാസ്ത്രീയോട് താന്‍ അപമര്യാദയായി പെരുമാറിയെന്ന് അദ്ദേഹത്തെക്കൊണ്ട് ബലമായി പറയിപ്പിക്കുകയും അത് ടേപ്പ് ചെയ്യുകയും ചെയ്‌തെന്നും സഭ കുറ്റപ്പെടുത്തുന്നു.  വര്‍ഗീസിന്റെ മൊബൈല്‍ഫോണും അക്രമിസംഘം തട്ടിയെടുത്തു. പിന്നീട് ഈ ഫോണില്‍നിന്നും കാര്യപ്പള്ളിയിലെ ചിലരെ വിളിച്ച് അക്രമികള്‍ തന്നെയാണ് ഫാ. വര്‍ഗീസ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചതെന്നും സഭ പറയുന്നു.

കാര്യപ്പള്ളിയില്‍ നിന്ന് എത്തിയ ഇടവകക്കാര്‍ ഫാദര്‍ വര്‍ഗീസിനെ മോചിപ്പിച്ച് ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement