എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ പോത്തിന്‍കുട്ടികളുമായി പോയ അഞ്ചുപേര്‍ക്കെതിരെ ആക്രമണം: ഗോരക്ഷയുടെ പേരില്‍ ആള്‍ക്കൂട്ട ഭീകരത വീണ്ടും
എഡിറ്റര്‍
Saturday 8th July 2017 12:37pm

ന്യൂദല്‍ഹി: പോത്തിന്‍ കുട്ടികളുമായി പോകുകയായിരുന്ന അഞ്ചുപേര്‍ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രി ബാബ ഹരിദാസ് നഗറിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. പോത്തിന്‍കുട്ടികളുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനുനേരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു.

ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്നവരുടെ മുഖത്തും കൈകള്‍ക്കും പരുക്കേറ്റു. ഝരോധാ കലാനില്‍ നിന്നുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സംഭവമാണിത്. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവാത്തതാണ് അതിക്രമങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.


Must Read: ‘നടുറോഡില്‍ അപമാനിക്കപ്പെടുന്ന ഹിന്ദുസ്ത്രീ’; ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ‘ദുരവസ്ഥ’ കാണിക്കാന്‍ ബി.ജെ.പി വനിത നേതാവ് പുറത്ത് വിട്ട ചിത്രം ബോജ്പുരി സിനിമയിലെ രംഗം


ഗോസംരക്ഷണത്തിന്റെ പേരിലുള്ള ജനക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. പശുസംരക്ഷണത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞ അദ്ദേഹം ഹിംസയിലൂടെയല്ല ഇതു നടപ്പിലാക്കേണ്ടത് എന്നാണ് അഭിപ്രായപ്പെട്ടത്.

പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നശേഷം രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട മൂന്നാമത്തെ ആള്‍ക്കൂട്ട ഭീകരതയാണിത്. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം ജാര്‍ഖണ്ഡില്‍ അന്‍സാരിയെന്ന വ്യാപാരിയെ ഒരു സംഘം തല്ലിക്കൊല്ലുകയും അദ്ദേഹത്തിന് വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി ജില്ലാ മീഡിയ ഇന്‍ചാര്‍ജ് ദീപക് മിശ്രയുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.

Advertisement