mn-vijayanതൃശൂര്‍ പ്രസ്‌ക്ലബില്‍ വെച്ച് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ, ‘കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണം’ എന്ന് അവസാനമായി പറഞ്ഞ് മെല്ലെ മാഞ്ഞു പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിജയന്‍മാഷ് ജനശക്തി വാരികയിലെഴുതിയ മുഖക്കുറിപ്പില്‍ ചില പല്ലികളെക്കുറിച്ച് പറയുന്നുണ്ട്. ആപത്ത് വരുമ്പോള്‍ വാലു മുറിച്ച് രക്ഷപ്പെടുന്ന പല്ലികളെക്കുറിച്ചായിരുന്നു അത്. ആരാണ് പല്ലികളെന്ന് പക്ഷെ അദ്ദേഹം പറഞ്ഞിരുന്നില്ല.

കേരളത്തില്‍ എം.എന്‍ വിജയന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന രാഷ്ട്രീയത്തെ പലരും എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിലെ വിഭാഗീയതക്കൊപ്പം ചേര്‍ത്തു വായിക്കപ്പെട്ടു അദ്ദേഹം. രാഷ്ട്രീയത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കഴിവ് എം.എന്‍ വിജയന് ഉണ്ടായിരുന്നു. സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ഇടപെടലുകളെ എളുപ്പം തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ അതുകൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. പാര്‍ട്ടി വാരികയുടെ എഡിറ്ററായിരുന്നു അദ്ദേഹം.ഇ.എം.എസ്സിന് ശേഷം സി.പി.ഐ.എമ്മിന്റെ ചിന്താ വിപ്ലവത്തിന്റെ സിരാ കേന്ദ്രമായി അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍ സ്വന്തമെന്ന് വിശ്വസിച്ച സി.പി.ഐ.എമ്മില്‍ പാടില്ലാത്തത് കണ്ടപ്പോള്‍ അദ്ദേഹത്തിനത് ചൂണ്ടിക്കാണിക്കേണ്ടി വന്നു. ഇപ്പോഴുള്ള ചില ബുദ്ധിജീവി വര്‍ഗങ്ങളെപ്പോലെ വാലും ചരുട്ടി പാര്‍ട്ടി തറവാട്ടില്‍ തിന്നും കുടിച്ചും കഴിഞ്ഞാല്‍ മതിയായിരുന്നു വിജയന്‍മാഷിനും. പു.ക.സയുടെയോ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയോ ചെല്ലപ്പേരുകള്‍ക്ക് വേണ്ടി ഇപ്പോള്‍ ചിലര്‍ കാണിക്കുന്ന അനുസരണവും മെയ് വഴക്കവും എടുത്തു പറയേണ്ടതാണ്.

എന്നാല്‍ വിജയന്‍മാഷ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. നല്ല അധ്യാപകര്‍ ചോദ്യങ്ങളിഷ്ടപ്പെടുന്നവരാണ്. ചോദിക്കാനുള്ള കുട്ടികളുടെ ത്വരയെ ഉത്തേജിപ്പിക്കുന്നവരാണവര്‍. എന്നാല്‍ ചിലര്‍ ചോദ്യം ചോദിക്കുന്നവരെ മറു ചോദ്യം കൊണ്ട് ഇരുത്തിക്കളയും. വിജയന്‍മാഷ് ഇരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ച്ചായായ ചോദ്യം വീണ്ടുമുണ്ടായപ്പോള്‍ അദ്ദേഹത്തിന് ദുഖത്തോടെ സ്‌കൂള്‍ വിട്ടിറങ്ങേണ്ടി വന്നു. നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചതു കൊണ്ടായിരിക്കും മരണ ശേഷം പാര്‍ട്ടി സെക്രട്ടറിക്ക് അദ്ദേഹം ‘മികച്ച അധ്യാപകനായി’ മാറുകയും ചെയ്തു.

മുകളില്‍ പറഞ്ഞ വാല് മുറിക്കുന്ന പല്ലികളെക്കുറിച്ച് വീണ്ടും പറയേണ്ടതുണ്ട്. വാല് മുറിച്ച് കളയുമ്പോള്‍ താന്‍ വലിയ ത്യാഗം ചെയ്തതായി അവര്‍ അഭിനയിക്കും. എന്നാല്‍ പല്ലി തന്ത്രപരമായി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിലും ഇത്തരത്തില്‍ വാല്‍ മുറിക്കുന്നവരുണ്ട്. എ.ഡി.ബി വായ്പാ കാര്യത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ നിലകൊണ്ട വി.എസ് അച്യുതാനന്ദന്‍ പിന്നീട് മെല്ലെ പാര്‍ട്ടിക്ക് വഴങ്ങിയപ്പോഴായിരുന്നു വിജയന്‍മാഷ് പല്ലിയെക്കുറിച്ച് പറഞ്ഞതെന്ന് ഓര്‍ക്കേണ്ടതാണ്. പരാജയം ഭക്ഷിക്കുന്ന നേതാവെന്നായിരുന്നു മുമ്പ് വി.എസിനെ വിജയന്‍മാഷ് വിശേഷിപ്പിച്ചിരുന്നത്.

കാര്യങ്ങള്‍ തെളിച്ചു പറയേണ്ടതുണ്ട്. പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തിനെതിരെ ചിന്താവിപ്ലവം നയിച്ച പോരാളിയായിരുന്നു എം.എന്‍ വിജയന്‍. വി.എസ് അച്യുതാനന്ദനെന്ന നേതാവ് ഈ ചിന്തയുടെ വക്തവായി മാറി. വിജയന്‍ മാഷെ പാര്‍ട്ടിക്ക് എളുപ്പം പുറത്താക്കാന്‍ കഴിഞ്ഞു. എന്നാല്‍ വി.എസ് അങ്ങിനെയായിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അദ്ദേഹം നിലപാടകളെ എതിര്‍ത്തു. വിജയന്‍മാഷുടെ ചിന്തകള്‍ അദ്ദേഹത്തിന് ബലമേകി. മാഷുടെ ചിന്തകളെ വി.എസ് ഇന്ധനമാക്കുകയായിരുന്നു. കേരളീയ സമൂഹത്തില്‍ പൊതുവായി ഇടപഴകേണ്ടിയിരുന്ന വിജയന്‍മാഷ് അങ്ങനെ സി.പി.ഐ.എമ്മിലെ ഒരു ഗ്രൂപ്പിന്റെ വക്താവായി ചരുക്കപ്പെട്ടു. വിജയന്‍മാഷ് ഉയര്‍ത്തിയ ചിന്തയുടെ പിന്‍മുറക്കാര്‍ ഇന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളീയ സമൂഹത്തില്‍ എന്ത് ഇടപെടല്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നത് ഉയരേണ്ട ചോദ്യമാണ്. കേരളത്തില്‍ സി.പി.ഐ.എമ്മിനെ ചുറ്റിപ്പറ്റി മാത്രമാണ് അവരുടെ രാഷ്ട്രീയം ഉയര്‍ന്നു നില്‍ക്കുന്നത്. അതിനപ്പുറത്ത് വിജയന്‍മാഷ് അഭിസംബോധന ചെയ്യാന്‍ ശ്രമിച്ച ലോകം അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ ഒരു ചിന്താ സംവാദം നടന്നിട്ട് കാലമെത്രയായി. വിജയന്‍മാഷിന് ശേഷം കേരളത്തെ പിടിച്ചുലച്ച ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരുമുണ്ടായില്ല. കൂലിപ്രസംഗകര്‍ കവലയില്‍ വെച്ച് നടത്തുന്ന തെറിവിളികള്‍ ഇവിടെ സംവാദങ്ങളാകുന്നു. മാഷുടെ ചിന്തകള്‍ക്ക് ഇനിയും നല്ല തുടര്‍ച്ചകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

കേള്‍ക്കുന്നവരെ കീഴ്‌പ്പെടുത്തുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റെത്. പ്രസംഗ വേദിയില്‍ നിന്ന് കേള്‍വിക്കാരിലേക്ക് ഇറങ്ങിവന്നു അദ്ദേഹം. ശിഷ്യര്‍ക്ക് ചിന്തയുടെ വെളിച്ചം സ്വന്തം കൈകൊണ്ട് കൊളുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും രാഷ്ട്രീയമുണ്ടായിരുന്നു. ഈ രാഷ്ട്രീയം സി.പി.ഐ.എമ്മിന് തന്നെയാണ് ഏറ്റവും പ്രയോജനപ്പെട്ടതും. അദ്ദേഹം സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുകയായിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് ഗുണമാവുകയായിരുന്നു. ജയകൃഷ്ണന്‍ വധം, പറശ്ശിനിക്കടവ് സംഭവം ചൈനയിലെ ടിയാന്‍മെന്‍ എന്നീ സംഭവങ്ങളില്‍ പൊതു സമൂഹത്തില്‍ നിന്ന് പാര്‍ട്ടി കടുത്ത എതിര്‍പ്പുകള്‍ നേരിട്ടു. പാര്‍ട്ടിയിലെ ആസ്ഥാന ബുദ്ധിജീവികള്‍ വരെ വാലു ചുരുട്ടി മാളത്തിലൊളിച്ചപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ വിജയന്‍മാഷ് മാത്രമേ ഉണ്ടായുള്ളൂ. ഈ സംഭവങ്ങളില്‍ മാഷുടെ നിരീക്ഷണങ്ങളായിരുന്നു അത്. ഇപ്പോള്‍ നടക്കുന്നപോലെ പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് സംസാരിക്കുകയായിരുന്നില്ല വിജയന്‍മാഷ് ചെയ്തത്.

വിജയന്‍മാഷെക്കുറിച്ച് പറയുന്നവരുണ്ട്. മരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ പലയിടങ്ങളിലും ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെക്കപ്പെടും. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകള്‍….. അടച്ചിട്ട മുറികളിലിരുന്ന് അയവിറക്കേണ്ട ചിന്തകളായിരുന്നില്ലെന്ന് മലയാളികള്‍ തിരിച്ചറിയുന്നു.