കോഴിക്കോട്: എം.എന്‍. വിജയന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ രണ്ട്) തൃശൂരില്‍ നടക്കും. തൃശൂര്‍ സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ രാവിലെ 10.30ന് നടക്കുന്ന പരിപാടി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രഫുല്‍ബിദ്വായ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഡോ.എം ലീലാവതി, ഡോ.പി.വി ഗംഗാധരന്‍, ഡോ.കെ.എം സീതി, കമല്‍, പി.എന്‍ ഗോപീകൃഷ്ണന്‍, വി.പി വാസുദേവന്‍, എന്‍ പ്രഭാകരന്‍ പങ്കെടുക്കും.

വിജയന്‍ മാഷ് ഉള്‍പ്പെട്ട ധൈഷണികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വികാസവും രൂപപ്പെടുത്തുകയാണ് പഠന കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ബഹുരാഷ്ട്ര മൂലധന അധിനിവേശത്തെ ചെറുക്കുന്നതിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ അപകടപ്പെടുത്തും വിധമുള്ള സിദ്ധാന്തങ്ങളെയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ഏജന്‍സികളെയും ആശയരംഗത്തും
പ്രായോഗികമായും എതിര്‍ക്കുകയുമാണ് സ്ഥാപനത്തിന്റെ രാഷ്ട്രീയം.