എഡിറ്റര്‍
എഡിറ്റര്‍
ഈ കത്ത് കേരളത്തിലെ എല്ലാ സമുദായങ്ങളേയും അപമാനിക്കുന്നത്; രാമനുണ്ണിക്കൊപ്പമെന്ന് എം.എന്‍ കാരശ്ശേരി
എഡിറ്റര്‍
Saturday 22nd July 2017 11:15am

കോഴിക്കോട്: ആറ് മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന തരത്തില്‍ എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത് ലഭിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് കേട്ടതെന്ന് സാഹിത്യകാരന്‍ എം.എന്‍ കാരശ്ശേരി.

വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം എന്നാണ് അറിഞ്ഞത്. ഇത്തരത്തിലൊരു കത്ത് ഒരു മലയാളിക്ക് എങ്ങനെ എഴുതാന്‍ കഴിയുമെന്നോര്‍ത്താണ് താന്‍ അത്ഭുതപ്പെടുന്നതെന്നും എം.എന്‍ കാരശ്ശേരി പറഞ്ഞു.

രാമനുണ്ണിയോട് യോജിക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പല വേദികളിലായി താന്‍ അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ്.


Dont Miss ദിലീപ് മാപ്പര്‍ഹിക്കുന്നില്ല; പെണ്‍കുട്ടി തന്നെ പ്രതിക്ക് ശിക്ഷ വിധിച്ചു കഴിഞ്ഞല്ലോ എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും: ബൃന്ദ കാരാട്ട്


ഈ വിഷയത്തില്‍ ഞാന്‍ രാമനുണ്ണിക്ക് ഒപ്പം നില്‍ക്കുന്നു. മാത്രമല്ല കേരളത്തിലെ എല്ലാ സമുദായത്തേയും അപമാനിക്കുന്ന ഈ കത്തിനെതിരെ ഞാന്‍ തന്റെ പ്രതിഷേധം അറിയിക്കുകയാണെന്നും എം.എന്‍ കാരശ്ശേരി പറഞ്ഞു.

കത്തുകളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാരശ്ശേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആറുമാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലെങ്കില്‍ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നുമായിരുന്നു സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് ലഭിച്ച ഭീഷണിക്കത്ത്.

കഴിഞ്ഞ മാസം മാധ്യമം ദിനപത്രത്തിന് വേണ്ടി കെ.പി രാമനുണ്ണി ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി എഴുതിയ
‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന ലേഖനമാണ് ഭീഷണിക്ക് കാരണം.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെന്നും തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയെന്നും കെ.പി രാമനുണ്ണി പറഞ്ഞു. എന്നാല്‍ കത്ത് അയച്ചതാരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നും കെപി രാമനുണ്ണി പറഞ്ഞു.

നിഷ്‌കളങ്കരായ മുസ്ലിംകളെ വഴിതെറ്റിക്കുന്നതാണ് ലേഖനം അത് കൊണ്ട് തന്നെ ഇതില്‍നിന്നു പിന്മാറണം ഇല്ലെങ്കില്‍ അവിശ്വാസികള്‍ക്കു ദൈവം നല്‍കിയിരിക്കുന്ന ശിക്ഷാവിധി വധശിക്ഷയാണ്. താങ്കളുടെ കാര്യത്തില്‍ ഇതിനായി ആറുമാസത്തെ കാലയളവു നല്‍കുന്നു. അതിനകം മതം മാറിയില്ലെങ്കില്‍ വധിക്കുമെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്.

Advertisement