എഡിറ്റര്‍
എഡിറ്റര്‍
‘ലൗ ജിഹാദ് ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല; റിട്ടയര്‍മെന്റിന് മുമ്പ് എന്തായിരുന്നു സെന്‍കുമാര്‍ ചെയ്തിരുന്നത്’; സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് എം.എന്‍ കാരശ്ശേരി
എഡിറ്റര്‍
Sunday 9th July 2017 8:30pm

കോഴിക്കോട്: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എന്‍ കാരശ്ശേരി. ലൗ ജിഹാദ് ഉണ്ടായിരുന്നെങ്കില്‍ പൊലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ എന്തുകൊണ്ട് വേണ്ട നടപടി എടുത്തില്ലെന്നായിരുന്നു കാരശ്ശേരിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നാണ് മുന്‍ പൊലീസ് മേധാവിയായ ടി.പി സെന്‍കുമാര്‍ പറയുന്നത്. അങ്ങനെയൊരു സംഘടന ഇവിടെ ഉണ്ടായിരുന്നോ എന്നത് നമുക്ക് അറിയില്ല. പക്ഷെ ഉണ്ടെന്നാണ് മുന്‍ പൊലീസ് മേധാവി പറയുന്നത്. അതൊരു സംശയമല്ല ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ എവിടെയായിരുന്നു ആ പൊലീസുദ്യേഗസ്ഥന്‍ എന്നാണ് എനിക്ക് അറിയേണ്ടത്. റിട്ടയര്‍മെന്റിന് മുമ്പ് അയാള്‍ എന്തായിരുന്നു ചെയ്തിരുന്നത്. ലോ ആന്റ് ഓര്‍ഡര്‍ സംരക്ഷിക്കാനായിരുന്നു അയാള്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. പിന്നെന്തു കൊണ്ട് ലൗ ജിഹാദിനെതിരെ നടപടിയെടുത്തില്ല. കാരശ്ശേരി ചോദിക്കുന്നു.

ലൗ ജിഹാദുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്നും കോടതിയില്‍ തെളിവു നല്‍കിയില്ലെന്നും കാരശ്ശേരി ചോദിക്കുന്നു. അത്ര ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥനായിരുന്നോ സെന്‍കുമാറെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.


Also Read:  ‘മുസ്‌ലിമിനെ ആശുപത്രിയിലെത്തിക്കുന്ന ഹിന്ദു; ഹിന്ദുവിനെ ആക്രമികളില്‍ നിന്നും രക്ഷിക്കുന്ന മുസ്‌ലിം’; സംഘപരിവാറിനും കലാപത്തിനും ഇനിയും തകര്‍ക്കാന്‍ കഴിയാത്ത ബംഗാളിലെ മതസൗഹാര്‍ദ്ദം


സെന്‍കുമാര്‍ തന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ തെളിവുണ്ടെങ്കില്‍ അതിന് പുറത്തു വിടണമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അത് അറിയാനുള്ള അവകാശമുണ്ടെന്നും കാരശ്ശേരി പറയുന്നു.

ആര്‍.എസ.്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.

ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണം. ലൗ ജിഹാദ് ഇല്ലെന്നു പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. എന്നായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Advertisement