കഴിഞ്ഞ വര്‍ഷത്തെ മികച്ച പുസ്തകങ്ങളുടെ ഒരു കണക്കെടുപ്പല്ല ഡൂള്‍ ന്യൂസ് ഇവിടെ നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം നമ്മുടെ പ്രിയപ്പെട്ടവരുടെ വായനാമുറിയില്‍ ഊഴം കാത്തിരുന്ന ചില പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകളാണ്. ഈ പുസ്തകങ്ങളില്‍  പലതും കഴിഞ്ഞ ആണ്ടില്‍ ഇറങ്ങിയവ പോലുമാകണമെന്നില്ല. 2012-ലെ വായനയെ ഉജ്വലമാക്കിയ ചില പ്രിയ പുസ്തകങ്ങളെക്കുറിച്ച് നമുക്കിനി സംസാരിക്കാം.

ലിറ്റററി എഡിറ്റര്‍


എം എന്‍ കാരശ്ശേരി, എഴുത്തുകാരന്‍

എം.എയ്ക്കു പഠിച്ചപ്പോള്‍ അവിടവിടങ്ങളില്‍ വായിച്ചെങ്കിലും ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ (മാതൃഭൂമി ബുക്‌സ്, വിവ: സി എച്ച് കുഞ്ഞപ്പ) ഞാന്‍ മുട്ടിച്ചിരുന്ന് വായിക്കുന്നത് 2012 ലാണ്. ലോക ചരിത്രത്തെപ്പറ്റിയും ഇന്ത്യാ ചരിത്രത്തെപ്പറ്റിയും നെഹ്രുവിന് വലിയ വിജ്ഞാനമുണ്ട് എന്ന സംഗതി ഈ വായനയില്‍ എനിക്ക് അനുഭവഭേദ്യമായി.

Ads By Google

ഇന്നത്തെ ചെറുപ്പക്കാര്‍ പുസ്തകം വായിക്കാതിരിക്കാന്‍ പറയുന്ന ഒരു ന്യായം അവര്‍ക്ക് വിവരങ്ങളൊക്കെ ഇന്റര്‍നെറ്റില്‍ കിട്ടുന്നുണ്ടെന്നതാണല്ലോ. എന്നാല്‍ ഇത്തരം പുസ്തകങ്ങള്‍ നമുക്ക് തരുന്നത് വിവരങ്ങള്‍ മാത്രമല്ല, കാഴ്ച്ചപ്പാട് കൂടിയാണ്.

ഇതില്‍ വിചാരമുണ്ട്, വികാരമുണ്ട്, വിവേകമുണ്ട്. നെഹ്രു എന്ന സന്ദേഹവാദിയെ നമുക്കീ പുസ്തകത്തില്‍ കണ്ടെത്താം.

ഞാന്‍ ആവര്‍ത്തിച്ച് വായിക്കുന്ന ഒരു പുസ്തകമാണ് കുട്ടിക്കൃഷ്ണ മാരാരുടെ ഭാരത പര്യടനം(പ്രസാധനം: മാരാര്‍ സാഹിത്യ പ്രകാശ്). 1950-ല്‍ എഴുതിയ ഈ പുസ്തകത്തിന് 50 പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞു. മഞ്ഞിനോ, എന്റെ കഥയ്‌ക്കോ അത്രയും പതിപ്പുകള്‍ വന്നിട്ടില്ലെന്നോര്‍ക്കണം.

2012-ഡിസംബറില്‍ അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായി ചേര്‍ന്നപ്പോഴാണ് അവിടത്തെ ഏകാന്തത മറികടക്കാന്‍ ഞാന്‍ വീണ്ടും ഈ പുസ്തകം കയ്യിലെടുത്തത്. എന്റെ ആലോചനയേയും യുക്തിഭദ്ര ശ്രമങ്ങളേയും നിശിതമാക്കാന്‍ ഈ പുസ്തകത്തിന്റെ ആവര്‍ത്തിച്ചുള്ള വായന സഹായിക്കുന്നു.

ക്ലാസിക് സ്വഭാവമുള്ള കൃതികളുടെ വായന ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതു കൊണ്ടു തന്നെ ബെന്യാമിന്റെ ആടു ജീവിതവും (ഗ്രീന്‍ ബുക്‌സ്, തൃശൂര്‍)കഴിഞ്ഞ വര്‍ഷത്തെ നല്ലൊരു വായനാനുഭവമായി മനസ്സില്‍ നില്‍ക്കുന്നു