എഡിറ്റര്‍
എഡിറ്റര്‍
ജില്ലാ സെക്രട്ടറിയല്ലാത്ത മണി പത്തിരട്ടി കരുത്തന്‍: എം.എം മണി
എഡിറ്റര്‍
Wednesday 13th June 2012 12:55am

തൊടുപുഴ: മണക്കാട്ട് ഒരു പ്രസംഗം നടത്തിയതിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തി വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് എം.എം മണി. ചെറിയൊരു ഗ്രാമത്തില്‍ ഏതാനും ആളുകളുടെ ഇടയില്‍ നടത്തിയ പ്രസംഗം വിവാദമാക്കിയതില്‍ ചില സഹപ്രവര്‍ത്തകരുടെ പോലും ഗൂഢാലോചനയുണ്ട്. ഇതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. അര്‍ബ്ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ എം. ജിനദേവന്‍ അനുസ്മരണ  സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മണി.

ഈ പരിപാടിയുടെ നോട്ടീസില്‍ ജില്ലാ സെക്രട്ടറി എന്നാണ്. പരിപാടി നടക്കുമ്പോള്‍ സംസ്ഥാന കമ്മിറ്റിയംഗം എന്നായി. ‘രണ്ടുനാളു ദിവസം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, രണ്ടാനാലുദിനംകൊണ്ടൊരുത്തനെ തെണ്ടിയാക്കുന്നതും ഭവാന്‍’  എന്നാല്‍ ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന്റെ പത്തിരട്ടിയായി ജില്ലാ സെക്രട്ടറിയല്ലാതെ മണി പ്രവര്‍ത്തിക്കും. തന്റെ പ്രസംഗത്തില്‍ തെറ്റ് സംഭവിച്ചതായി പാര്‍ട്ടി കണ്ടെത്തി. അതിനുള്ള നടപടിയെടുത്തു. താന്‍ അത് സ്വീകരിച്ചു. മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിനുശേഷം ആദ്യമായി തൊടുപുഴയിലെത്തിയ മണി പാര്‍ട്ടിക്കകത്തേക്ക് ഒളിയമ്പും പുറത്തേക്ക് വിമര്‍ശന ശരങ്ങളും ഒരുപോലെ എയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി അടക്കമുള്ള നേതാക്കളെ വേദിയില്‍ ഇരുത്തിയായിരുന്നു മണിയുടെ വാക്കുകള്‍.

പോലീസിനെ കയറൂരി വിട്ട് എതിര്‍ പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചെറിയ കേസുകള്‍ക്ക് പോലും 302ാം വകുപ്പ് ചാര്‍ജ് ചെയ്യുകയാണ്. തനിക്കെതിരെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പോലീസും ചേര്‍ന്ന്  ഗൂഢാലോചന നടത്തി ഇങ്ങോട്ടു കേസുകള്‍ കെട്ടിയിറക്കുകയാണ്. ഒന്നു പ്രസംഗിച്ചതിന്റെ പേരില്‍ തനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. അനുബന്ധമായി മൂന്നു കേസുകളില്‍ നിരവധി വകുപ്പുകള്‍ ചാര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്ക് ബോണസുകൂടിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ടു അധികം ഒന്നും സംസാരിക്കുന്നില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരെയും മണി നിശിതമായി വിമര്‍ശിച്ചു. നിങ്ങളെല്ലാം കൂടി നമ്മളെ ഒരു കരയ്‌ക്കെത്തിച്ചു. രാജ്യത്ത് പെട്രോളിന് വിലകൂട്ടി. പാവപ്പെട്ട കര്‍ഷകന് പട്ടയമുണ്ടോ? ഇതൊന്നും ഇവിടെ ഒരു ചാനലുകാരനും കാണുന്നില്ല. മണി എന്തോ പ്രസംഗിച്ചതാണ് കുറ്റം. മണിയെ ബ്രാഞ്ചിലേക്ക് മാറ്റുമോ, അതോ ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റുമോ എന്നാണ് ഇപ്പോഴത്തെ തലപുകയ്ക്കല്‍. ഇതുകൊണ്ട് ഒരു ഗുണമുണ്ടായി. കേരളത്തില്‍ എവിടെച്ചെന്നാലും തന്നെ ആളുകള്‍ അറിയും. തന്നെ ഒന്നു ചെയ്തു കളയാമെന്നു കരുതേണ്ട. അതിനുവെച്ച വെള്ളം വാങ്ങി വെച്ചാല്‍ മതി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സൂക്കേട് ഇത്തിരി കൂടുതലാണ്. ചെറിയ വിഷമമല്ല തന്നോടുള്ളത്. സി.പി.ഐ.എം കേസുകളെല്ലാം നേരിടും. ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മണി പറഞ്ഞു.

Advertisement