തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈയ്‌ക്കെതിരായ എം.എം മണിയുടെ പരാമര്‍ശത്തിനെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. പൊമ്പിളൈ ഒരുമൈയാണ് പരാതി നല്‍കിയത്.

മന്ത്രിയെന്നത് ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്ന് മണി നടത്തിയ പരാമര്‍ശം ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നതാണ് ഉചിതമെന്നുകണ്ടാണ് കോടതി തീരുമാനം.

എസ്.പി നേതാവ് അസംഖാനെതിരെയുള്ള കേസിനൊപ്പമാണ് മണിയുടെ കേസും പരിഗണിക്കുക. ബലാത്സംഗം ചെയ്യുന്ന സൈനികരുടെ ലൈംഗികാവയവം സ്ത്രീകള്‍ മുറിയ്ക്കണമെന്നായിരുന്നു അസംഖാന്റെ പരാമര്‍ശം.

അടിമാലിയിലെ ഇരുപതേക്കറിലെ പ്രസംഗത്തിനിടെ എം.എം മണി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

‘അവിടെ ഇവന്റെ കൂടെയാ, സബ്കളക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാറ് വന്നിട്ട് കള്ളുകുടി, കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു, അന്നും കുടിയും സകലവൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസിലായില്ലേ? ആ വനത്തില്‍ അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു അന്ന്. എല്ലാരും കൂടിക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം. മനസിലായില്ലേ? ഞാനത് ഇന്നലെ പറഞ്ഞു അവിടെ, ചാനലുകാരും കൂടി പൊറുതിയാണെന്ന് പറഞ്ഞു. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ. ആഹാ. പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല” എന്നായിരുന്നു എം.എം മണിയുടെ പരാമര്‍ശം.

ഈ പരാമര്‍ശത്തില്‍ മണി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ സമരവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ താന്‍ പൊമ്പിളൈ ഒരുമയെക്കുറിച്ചല്ല, മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു മണിയുടെ നിലപാട്.