തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. എന്നാല്‍ പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും സമവായമുണ്ടെങ്കില്‍ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് അതിനെതിരാണെന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മുന്നണിയിലെ ചില കക്ഷികളും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. എല്ലാവരും ഒരു അഭിപ്രായത്തിലെത്തി സമവായത്തിലൂടെയേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: 1500 വളണ്ടിയര്‍മാര്‍ വോട്ട് ചെയ്തിട്ടും ലഭിച്ചത് 323 വോട്ട് മാത്രം; ഗോവ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന് ഗോവ സുരക്ഷ മഞ്ച്


പദ്ധതിയെ എതിര്‍ക്കുന്നത് വനനശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്‌നേഹം കൊണ്ടോ അല്ല, പുരോഗമന ആശയങ്ങളോടുള്ള എതിര്‍പ്പ് കാരണമാണ്. പദ്ധതി വന്നാല്‍ വനം നഷ്ടപ്പെടുമെന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. വൈദ്യുതിയാണ് പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് എം.എം മണി അടുത്തിടെ അറിയിച്ചിരുന്നു. സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പദ്ധതിക്കെതിരെ നേരത്തെ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എം.എം മണിയുടെ അഭിപ്രായ പ്രകടനം.

കെ.എം. മാണിയെപ്പോലെ അനുകൂല നിലപാടിലെത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.