എഡിറ്റര്‍
എഡിറ്റര്‍
‘പിണറായി വിജയന്‍ കാണാനെത്തുമ്പോള്‍ മഹിജ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നു’; ജിഷ്ണുവിന്റെ അമ്മയെ ആഭാസകരമായി പരിഹസിച്ച് എം.എം മണി
എഡിറ്റര്‍
Friday 7th April 2017 8:48pm

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ക്രൂരമായി പരിഹസിച്ച് വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി. മുഖ്യമന്ത്രി പിണറായി വിജയന്‍ കാണാനെത്തുമ്പോള്‍ മഹിജ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നുവെന്ന് ആഭാസകരമായാണ് മണി അമ്മയെ പരിഹസിച്ചത്. എല്ലാ പ്രതികളേയും പിടികൂടിയ ശേഷം മുഖ്യമന്ത്രി തന്നെ കാണാന്‍ എത്തിയാല്‍ മതിയെന്ന് മഹിജ പറഞ്ഞതിനെയാണ് എം.എം മണി ക്രൂരമായി പരിഹസിച്ചത്.

കതക് അടച്ചിട്ടിട്ട് കാണേണ്ട എന്ന് പറഞ്ഞാല്‍ അത് അപമാനമാകും. മഹിജ യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും കൈകളിലാണെന്നും മണി പറഞ്ഞു. മലപ്പുറം മുസ്‌ലിയാരങ്ങാടിയിലെ പൊതുയോഗത്തിലാണ് മണി വിവാദമായ പ്രസംഗം നടത്തിയത്. പ്രസംഗത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.


Also Read: ‘പൊലീസ് പെരുമാറിയത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയത്തിന് അനുസൃതമായി’; പൊലീസിനെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്


നേരത്തേയും മഹിജയ്ക്കും ജിഷ്ണുവിന്റെ കുടുംബത്തിനുമെതിരെ എം.എം മണി രംഗത്ത് വന്നിരുന്നു. ഡി.ജി.പി ആസ്ഥാനത്ത് സമരം ചെയ്യാന്‍ വന്നാല്‍ ഇനിയും അറസ്റ്റ് ചെയ്യുമെന്നാണ് മണി കഴിഞ്ഞ ദിവസം പറഞ്ഞത്. മഹിജയെയും കുടുംബത്തെയും ആക്രമിച്ച പൊലീസിനെ ന്യായീകരിച്ചും മണി നേരത്തേ രംഗത്ത് വന്നിരുന്നു.

ജിഷ്ണുവിനു നീതിയാവശ്യപ്പെട്ട് സമരം ചെയ്ത കുടുംബത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ആശുപത്രിയില്‍ നിരാഹാര സമരം നടത്തുന്നത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

പൊലീസ് നടപടിയില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയിലാണ് മഹിജയിപ്പോള്‍. പൊലീസ് മര്‍ദ്ദനത്തില്‍ മഹിജയുടെ ശരീരത്തില്‍ ചതവുകളുണ്ടായിരുന്നു.


Related News: നിയമപരമായി സാധ്യമായതെല്ലാം ചെയ്യാം; ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് കടകംപള്ളിയുടെ ഉറപ്പ്


അതിനിടെ ജിഷ്ണുവിന്റെ വളയത്തെ വീട്ടില്‍ സഹോദരിയും നിരാഹാര സമരത്തിലാണ്. അമ്മയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് അവിഷ്ണയുടെ സമരം.

പൊലീസ് നടപടിയെക്കുറിച്ച് ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ ഡി.ജി.പി വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിരാഹാര സമരത്തിനെത്തിയവരെ നീക്കിയ നടപടിയില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു ഐ.ജി മനോജ് എബ്രഹാം ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പൊലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ മഹിജയുടെയും സഹോദരന്‍ ശ്രീജിത്തിന്റെയും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്.

മണിയുടെ പ്രസംഗത്തിന്റെ വീഡിയോ:

(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

Advertisement