തൊടുപുഴ: നിരന്തരം വിവാദങ്ങളില്‍പ്പെടുന്ന വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിക്ക് ഉപദേശകനെ നിയമിക്കാന്‍ പാര്‍ട്ടിയില്‍ ആലോചന. വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കാന്‍ തുടങ്ങിയതോടെയാണ് മണിക്കും ഉപദേശകനെ നിയമിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.


Also read പിണറായിക്കും കോടിയേരിക്കും മൂന്നാറില്‍ ബിനാമി ഭൂമി: ശോഭാ സുരേന്ദ്രന്‍


പൊതു പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കലും പൊതു വിഷയങ്ങളിലും മന്ത്രി ഇടപെടുക ഉപദേശകന്‍ വഴിയാകും. സി.പി.ഐ.എം സംസ്ഥാന നേതൃത്വം ഉപദേശകനെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിയുടെ കൂടെ സ്ഥിരമായി പി.എ ഇല്ലാത്തതും വിവാദങ്ങള്‍ക്ക് കാരണമായെന്നാണ് നിരീക്ഷണം.

തന്റെ തനതു ശൈലിയില്‍ പ്രസംഗിക്കുന്ന മണി എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളല്ല നടത്തുന്നത്. മന്ത്രിയുടെ പി.എ എല്ലായ്‌പ്പോഴും കൂടെയുണ്ടാകാറുമില്ല. ഇത് കൊണ്ട് തന്നെ യാതൊരു ആലോചനകളും കൂടാതെയുള്ള പ്രസ്താവനകളാണ് നടത്താറുള്ളതും ഇതാണ് പലപ്പോഴും മണിയെ വിവാദത്തില്‍പ്പെടുത്തുന്നതും.

അതേസമയം ഇരുപതേക്രയില്‍ മന്ത്രി നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.