മൂന്നാര്‍: പൊമ്പിളൈ ഒരുമൈക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം മണി. പരാമര്‍ശം വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് സമരം അവസാനിപ്പിക്കാന്‍ താന്‍ ആവശ്യപ്പെടില്ലെന്നും മന്ത്രി എം.എം മണി പറഞ്ഞു.


Also read തമിഴ്‌നാട് കര്‍ഷകര്‍ ദല്‍ഹിയില്‍ നടത്തിവന്ന സമരം പിന്‍വലിച്ചു


തനിക്ക് സ്ത്രീ സമൂഹത്തോട് എന്നും ബഹുമാനമാണെന്നും അഞ്ച് പെണ്‍മക്കളുടെ പിതാവായ തന്നെ ആരോപണങ്ങള്‍  വേദനിപ്പിക്കുന്നതായും മണി പറഞ്ഞു.

‘പ്രസംഗത്തിന്റെ പേരില്‍ താന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ സമരം ചെയ്യുന്നവരോട്
സമരം അവസാനിപ്പിക്കാന്‍ താന്‍ ആവശ്യപ്പെടില്ല. തന്നോട് ചോദിച്ചിട്ടല്ല സമരം തുടങ്ങിയത്. അനാവശ്യം ഒന്നും പറഞ്ഞിട്ടില്ല സ്ത്രീകളോട് അനാവശ്യം പറയുന്ന വ്യക്തിയല്ല താന്‍’. തെറ്റിദ്ധാരണ ഉണ്ടായതിനാലാണ് ഖേദ പ്രകടനമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പ്രസംഗം എഡിറ്റ് ചെയ്തതാണെന്നു പറഞ്ഞ മന്ത്രി സ്ത്രീകളെ അപമാനിക്കന്‍ ഉദ്ധേശിച്ചിട്ടില്ലന്നും താന്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും തെറ്റിധരിക്കപ്പെട്ടതില്‍ ദു:ഖമുണ്ടെന്നും പറഞ്ഞിരുന്നു. പ്രത്യേക അജണ്ടയോടെയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായും പറഞ്ഞ മണി മുഖ്യമന്ത്രി തന്നെ വിളിച്ച് ഇക്കാര്യം ചോദിച്ചുവെന്നും വ്യക്തമാക്കിയിരുന്നു.