മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍
ചെറ്റയാണെന്ന് വൈദ്യൂത മന്ത്രി എം.എം മണി. ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് മന്ത്രി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്. ടോം സക്കറിയ കയ്യേറ്റക്കാരനല്ലെന്ന് പറഞ്ഞ എം.എം മണി ഇടുക്കി കലക്ടര്‍ കഴിവുകെട്ടവനാണെന്നും ആരോപിച്ചു.


Also read ‘മോഹന്‍ലാല്‍ സാറേ മാപ്പ്; എല്ലാം എന്റെ അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണ്’ : ഖേദപ്രകടനവുമായി കെ.ആര്‍.കെ 


ഞങ്ങള്‍ അധ്വാനിച്ച് തല്ലുകൊണ്ടുണ്ടാക്കിയ സര്‍ക്കാറിനിട്ട് ഇയാളെപ്പോലെയൊരു ചെറ്റ പണിതാല്‍ തങ്ങള്‍ നോക്കിയിരിക്കില്ലെന്നായിരുന്നു എം.എം മണിയുടെ പ്രതികരണം. ‘ഞങ്ങള്‍ അധ്വാനിച്ച് തല്ലുകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ പീഡനം വാങ്ങി, ജയിലില്‍ പോയി ഉണ്ടാക്കിയ ഗവണ്‍മെന്റാ ഇത്. ഇതിന്റെ മണ്ടേക്കേറിയിരുന്ന് ഇയാളെപ്പോലെ ഒരു ചെറ്റ ഞങ്ങള്‍ക്കിട്ട് പണിതാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ല. അതിനോട് യോജിപ്പില്ല. ഇയാളെ താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഒരു ഉദ്യോഗസ്ഥനെയും താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല.’ അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടറെ കുറിച്ച് ഇത്രയും ആക്ഷേപമില്ലെന്നു പറഞ്ഞ മണി അയാള്‍ കഴിവുകെട്ടവനാണെന്നും ആരോപിച്ചു. ‘ജില്ലാ കളക്ടറെപ്പറ്റി അത്രയും ആക്ഷേപമില്ല. അങ്ങേര് കഴിവുകേടിന്റെ പ്രതീകമാണ്. ഇങ്ങേരുടെ കൂടെ കൂടി. ഐ.എ.എസ് ആണല്ലോ. അത് നേരെ ഞാന്‍ പറഞ്ഞിട്ടുണ്ട്’ മണി പറഞ്ഞു.

ടോം സക്കറിയ കയ്യേറ്റക്കാരനല്ലെന്നു പറഞ്ഞ മണി പൊലീസ് നടപടി വിഡ്ഢിത്തമാണെന്നും അവിടെ ആയിരക്കണക്കിന് ആളുകള്‍ പോകുന്നതാണെന്നും പറയുന്നു. ‘സക്കറിയാ ചേട്ടന്റെ മകന്റെ വകയാണെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇത്രയും വിഡ്ഢിത്തം വേറൊന്നും പറയാനില്ല. ശാന്തന്‍പാറ എസ്.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അവിടെ ആയിരക്കണക്കിന് ആളുകള്‍ പോകുന്നതാണ്. അവിടെ ഒരു നിലയിലും എന്തെല്ലാം ന്യായം ആരെല്ലാം പറഞ്ഞാലും ചെയ്തത് ശുദ്ധ അസംബന്ധമാണ്.’

കുരിശ് പൊളിക്കുന്നത് കാണുമ്പോള്‍ സന്തോഷിക്കുന്ന മാനസ്സികാവസ്ഥ ദേവികുളം സബ്കളക്ടര്‍ക്കും അതുപോലുള്ള വര്‍ഗീയവാദികള്‍ക്കുമല്ലാതെ മനുഷ്യമനസ്സുള്ള ആര്‍ക്കുമുണ്ടാകില്ലെന്ന് പറഞ്ഞ മണി അയാള്‍ക്ക് വേറെ എന്ത് ഉത്തരവാദിത്തമുള്ളതെന്നും സബ്കലക്ടര്‍ ആസനത്തിലെ പൊടിയും തട്ടി അങ്ങുപോകുമെന്നും പിന്നെ ഇവിടെ ജനങ്ങളാണ് ജീവിക്കേണ്ടതെന്നും പറയുന്നു.

മുന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച മന്ത്രി അവരുടെ കാലത്താണ് നടക്കാന്‍ പാടില്ലാത്തത് നടന്നതെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ഊളമ്പാരയ്ക്കയക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നുണ്ട്.

‘അവരുടെ കാലത്തേ നടക്കാന്‍ പാടില്ലാത്തത് എന്തെങ്കിലും നടന്നിട്ടുള്ളൂ. എന്നിട്ടാണ് ഇപ്പോള്‍ തത്വശാസ്ത്രം പറയുന്നത്. പ്രതിപക്ഷ നേതാവിനോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് പറയുകയാണ് അയാള് വിഡ്ഡിയുടെ സ്വര്‍ഗ്ഗത്തിലാണ്. ഊളമ്പാറയ്ക്ക് അയയ്‌ക്കേണ്ടത് ചെന്നിത്തലയേയും അയാളുടെ നേതാക്കളെയുമാണ്’. മണി പറഞ്ഞു.

ഇപ്പോള്‍ കുരിശിനെതിരെ രംഗത്തെത്തിയ സഭാ നോതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്ത് കുരിശിന്റെ പേരു പറഞ്ഞ് വീണ്ടും രംഗത്തെത്തുന്നത് കാണാമെന്നും മണി പറയുന്നു. ‘ഇപ്പോ ചില കത്തനാര്‍മാരും സഭാ നേതാക്കളും അവിടെ കുരിശ് കൊണ്ടുവെച്ചത് ശരിയായില്ലെന്നാണ് പറയുന്നത്. ഇവരൊക്കെ എവിടെ പോയിരിക്കുകയായിരുന്നു. പത്തമ്പത് അറുപത് കൊല്ലം ഇവിടെയുണ്ടായിരുന്നല്ലോ. ഇവരൊക്കെ ഇനി മാറാന്‍ പോകുന്നത് എപ്പോഴാണെന്നറിയാമോ. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പോ, പാര്‍ലമെന്‍ര് തെരഞ്ഞെടുപ്പോ വരുമ്പോള്‍ കുരിശ് തകര്‍ത്തതിന്റെ ചിത്രവുമായി ഇവര്‍ നമ്മളെ നേരിടാന്‍ വരും’.