എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി സമിതിയില്‍ നിന്നും രാജിവെക്കുന്നതായി എം.എം ഹസന്‍
എഡിറ്റര്‍
Monday 6th August 2012 9:39am

തിരുവനന്തപുരം: നെല്ലിയാമ്പതി പ്രശ്‌നം പരിശോധിക്കുന്ന യു.ഡി.എഫ് ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നതായി എം.എം ഹസന്‍. യു.ഡി.എഫ് ഉപസമിതിയുടെ വിശ്വാസ്യതയെ പരസ്യമായി ചോദ്യം ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ads By Google

ടി.എന്‍ പ്രതാപന്‍ എം.എല്‍.എയ്‌ക്കെതിരെ പി.സി ജോര്‍ജ് നടത്തിയ തീര്‍ത്തും വ്യക്തിപരമായ പരാമര്‍ശങ്ങളുടെ പേരില്‍ യു.ഡി.എഫ് നിയോഗിച്ച ഒരു സമിതിയില്‍ അവിശ്വാസമുണ്ടെന്ന് പറയുന്നത് ശരിയല്ല. സമിതിയിലെ ഒരംഗം മാത്രമാണ് ചീഫ് വിപ്പ് പി.സി ജോര്‍ജെന്നും ഹസന്‍ പറഞ്ഞു.

നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ വി.ഡി സതീശന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം പോകുന്നത് തടയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടും താന്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ സമ്മതത്തോടെയല്ല എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പരിശോധിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നായിരുന്നു ഹസന്റെ മറുപടി.

പി.സി ജോര്‍ജിന്റെ പരാമര്‍ശത്തോടെ നെല്ലിയാമ്പതി പ്രശ്‌നം പരിഹരിക്കുന്നതായി യു.ഡി.എഫ് നിയോഗിച്ച ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായമെന്ന് കഴിഞ്ഞദിവസം വി.ഡി. സതീശന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ നേതൃത്വത്തില്‍ ആറ് എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇതനുസരിച്ച് ഇന്ന് രാവിലെ ആറ് എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുകയും ചെയ്തു. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, വി.ടി ബല്‍റാം, എം.വി ശ്രേയാംസ്‌കുമാര്‍, കെ.എം ഷാജി എന്നീ എം.എല്‍.എമാരാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. യു.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ഇവരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹസന്റെ രാജി.

Advertisement