തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫിലേയ്ക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍. പി.ടി തോമസ് എം.എല്‍.എ പറഞ്ഞത് കെ.പി.സി.സി യുടെ അഭിപ്രായമല്ലെന്നും ഹസന്‍ പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് മാണിയെത്തിയതിന് പിന്നാലെ മാണിയെ തിരികെ ക്യാമ്പിലെത്തിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തട്ടിലാകുന്ന കാഴ്ചക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.


Also read മുത്തലാഖ്; വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതിയോട് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് 


കെ.എം മാണിയെ മുന്നണിയില്‍ നിന്നും ആരും പുറത്താക്കിയതല്ലെന്നും മാണി സ്വയം പുറത്ത് പോയതാണെന്നുമാണ് ഹസന്‍ പറഞ്ഞത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാനുള്ള മാണിയുടെ തീരുമാനത്തെ പാര്‍ട്ടി സ്വാഗതം ചെയ്തത് അദേഹത്തോടുള്ള താല്‍പ്പര്യം ഉള്ളതുകൊണ്ടാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി പറഞ്ഞ പി.ടി തോമസിനെതിരെ നടപടി എടുക്കില്ലെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും ഹസന്‍ പറഞ്ഞു. എം.എല്‍.എമാര്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടിയുടെ അഭിപ്രായം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും ഹസന്‍ പറഞ്ഞു.

മലപ്പുറത്ത് പിന്തുണച്ചതുകൊണ്ടു മാത്രം കെഎം മാണിയെ മുന്നണിയിലേക്ക് തിരിച്ചെടുക്കില്ലെന്നായിരുന്നു പി.ടി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പി.ടിയുടെ അഭിപ്രായത്തെ തള്ളിയ ഹസന്‍ ഉമ്മന്‍ ചാണ്ടിയും ഹസനും കുഞ്ഞാലിക്കുട്ടിക്ക് മാണി പിന്തുണയര്‍പ്പിച്ചപ്പോള്‍ അത് സ്വാഗതം ചെയ്തിരുന്ന കാര്യവും ഓര്‍മ്മിപ്പിച്ചു.