തിരുവനന്തപുരം: ആര്‍ത്തവ വിവാദത്തില്‍ വിശദീകരണങ്ങളുമായി കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. സാമൂഹിക വ്യവസ്ഥയിലുള്ള കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നായിരുന്നു ഹസന്റെ വിശദീകരണം.

നിലവിലുള്ള വ്യവസ്ഥകളെ മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരമില്ല. മത വിശ്വാസങ്ങളെ മാറ്റണമെന്ന് പറയാന്‍ തങ്ങളാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളല്ല. അതൊരു സെമിനാര്‍ ആയിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

‘ സംഭവത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പ്രതികരിക്കുന്നില്ല. ഹിന്ദു സ്ത്രീകളോ മുസ്ലീം സ്ത്രീകളോ അവരുടെ ആര്‍ത്തവ സമയത്ത് ദേവാലയങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് ഇന്ന് നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതി. ഞാന്‍ അത് മാത്രമാണ് പറഞ്ഞത്. സെമിനാറിനിടെ ഒരു കുട്ടി ചോദിച്ചത് ഈ സാമൂഹിക വ്യവസ്ഥിതികള്‍ മാറ്റി മറിയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കില്ലേ എന്നാണ്. അതിന് മറുപടിയായി നിലവിലുള്ള വ്യവസ്ഥിതികളെ മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവില്ല എന്നാണ് ഞാന്‍ പറഞ്ഞത്’. ഹസന്‍ വ്യക്തമാക്കി.


Also Read: ‘ബ്രോസ്.. മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് എന്നും കൂട്ട്’; മാധ്യമ വിമര്‍ശനത്തിനെതിരെ പ്രശാന്ത് നായര്‍


ആര്‍ത്തവം അശുദ്ധമാണെന്ന് ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ പി സി സി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവെയായിരുന്നു ഹസന്റെ പ്രതികരണം. ഹസന്റെ അഭിപ്രായത്തെ ഖണ്ഡിച്ചു കൊണ്ട് സദസില്‍ നിന്നും ഒരു പെണ്‍കുട്ടി രംഗത്തു വന്നിരുന്നു.