തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരമായി പുതിയ ഡാം വേണമെന്ന കേരള സര്‍ക്കാറിന്റെ നിലപാടിനെ രണ്ട് ഭരണകക്ഷി എം.എല്‍.എമാര്‍ തന്നെ തള്ളിപ്പറഞ്ഞത് നിയമസഭയില്‍ ഇന്ന് സര്‍ക്കാറിനെ വെട്ടിലാക്കി. കോണ്‍ഗ്രസിലെ എം.എ വാഹിദ്, എ.പി അബ്ദുള്ളക്കുട്ടി എന്നിവരാണഅ സര്‍ക്കാറിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഉടന്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഇതേത്തുടര്‍ന്ന് പി.ജെ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രസ്തുത എം.എല്‍.എമാരെ തള്ളിപ്പറഞ്ഞു.

മുല്ലപ്പെരിയാര്‍ പൊളിക്കുമെന്നാണ് തമിഴ്‌നാട്ടിലെ ശിവഗംഗയിലെ പ്രചരണം, കേരളത്തിലാണെങ്കില്‍ മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും പൊട്ടും എന്നാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നിലനിര്‍ത്തി മറ്റൊരു സുരക്ഷാ ഡാം എന്ന ആശയം മുന്നോട്ടുവെയ്ക്കുമോ എന്നായിരുന്നു എം.എ വാഹിദ് എം.എല്‍.എയുടെ ചോദ്യം. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന് വിരുദ്ധമാണ് ഈ ചോദ്യമെന്നായിരുന്നു മന്ത്രി പി.ജെ.ജോസഫിന്റെ മറുപടി.

ഐ.ഐ.ടി റൂര്‍ക്കിയുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പ സാധ്യതാ മേഖലാ മൂന്നിലാണ് മുല്ലപ്പെരിയാര്‍ പ്രദേശം. റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ ഇവിടെ ഭൂചലന സാധ്യതയുണ്ട്. അത് അഞ്ച് ആയാല്‍ തന്നെ ഡാം തകരുമെന്നാണ് റിപ്പോര്‍ട്ട്. അതിനെ അവിശ്വസിക്കണമെന്നാണോ വാഹിദ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. ദല്‍ഹി ഐ.ഐ.ടിയിലെ റിപ്പോര്‍ട്ട് അനുസരിച്ച് 65 സെന്റീമീറ്റര്‍ മഴ 48 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്താല്‍ ജലിനിരപ്പ് കവിഞ്ഞൊഴുകി മുല്ലപ്പെരിയാര്‍ ഡാം തകരുമെന്നും മന്ത്രി വിശദീകരിച്ചു. ഇതുകേട്ട് പ്രതിപക്ഷാംഗങ്ങള്‍ കൈയ്യടിച്ചു.

ദുരന്ത നിവാരണത്തിന് ആവശ്യമായ വിദഗ്ധര്‍ ഇല്ലെന്നുള്ള എ.പി അബ്ദുള്ളക്കുട്ടിയുടെ ചോദ്യവും സര്‍ക്കാറിനെ വെട്ടിലാക്കി. ‘മെമ്പര്‍ ഇക്കാര്യം ശരിയായി പഠിച്ചിട്ടില്ല’ എന്നായിരുന്നു മന്ത്രി ജോസഫിന്റെ മറുപടി. ദുരന്തനിവാരണം റവന്യൂ വകുപ്പിന്റെ കീഴിലാണെന്ന് പറഞ്ഞ അദ്ദേഹം, റവന്യൂ മന്ത്രിയെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ക്ഷണിക്കുകയും ചെയ്തു. ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ പരാമര്‍ശം ഉണ്ടായതില്‍ വിഷമമുണ്ടെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂരും വ്യക്തമാക്കിയതോടെ ആ ചോദ്യങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു.

ഇതേത്തുടര്‍ന്ന്, മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് കേരളത്തിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ‘മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം പയ്യെ പയ്യെ ഇടുക്കിഡാമില്‍ ചെന്ന് ചേരുകയേയുള്ളൂ എന്ന് നിങ്ങളുടെ അഡ്വക്കേറ്റ് ജനറല്‍ അല്ലേ ഹൈക്കോടതിയില്‍ പറഞ്ഞ് ജയലളിതയ്ക്കും കേന്ദ്ര സര്‍ക്കാരിനും നമ്മുടെ ആവശ്യത്തെ തുരങ്കം വെയ്ക്കാന്‍ അവസരമുണ്ടാക്കിയത്’ എന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ചോദിച്ചു. പുതിയ ഡാം എന്നതില്‍ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കി. കേരളത്തിന് ഇക്കാര്യത്തില്‍ ഒറ്റവികാരമേ ഉള്ളൂ എന്ന് മന്ത്രി പി.ജെ. ജോസഫും മറുപടി നല്‍കി.

Malayalam news

Kerala news in English