Categories

ജനങ്ങളുടെ ക്ഷേമം അറിയാന്‍ എത്തിയ എം.എല്‍.എയ്ക്ക് ചെളി ചതുര്‍ത്ഥി; ഒടുവില്‍ തോളിലേറ്റി അണികള്‍, വീഡിയോ കാണാം

ന്യൂദല്‍ഹി: ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബി.ജെ.ഡി എം.എല്‍.എയെ തോളിലേറ്റി അണികള്‍. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം വിവാദത്തില്‍. ഒഡീഷയിലെ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍ എം.എല്‍.എ മനാസ് മഡ്കാമിയെയാണ് അനുയായികള്‍ എടുക്കുന്നത്. ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു എം.എല്‍.എ

നബരാങ്പൂര്‍ എം.പി ബലഭദ്ര മാഞ്ചിക്കൊപ്പമാണ് മനാസ് മോട്ടു മേഖലയിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയത്. വെള്ള വസ്ത്രങ്ങളും വെള്ള ഷൂസുമായിരുന്നു എം.എല്‍.എ ധരിച്ചിരുന്നത്. സന്ദര്‍ശന സ്ഥലത്തേക്ക് പോകണമെങ്കില്‍ തോണിയില്‍ സഞ്ചരിക്കണമായിരുന്നു. എന്നാല്‍ ബോട്ടില്‍ കയറാനായുള്ള സ്ഥലത്ത് ചെള്ളിനിറഞ്ഞു കിടക്കുകയായിരുന്നു.

ഇതോടെ എം.എല്‍.എ വെള്ളക്കെട്ടിലൂടെ നടക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് അനുയായികള്‍ എം.എല്‍.എയെ തോളിലേറ്റി അപ്പുറത്തെത്തിക്കുകയായിരുന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന എം.പി ബലഭദ്ര മാഞ്ചി ചെളി കാര്യമാക്കാതെ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം.

അണികള്‍ക്ക് തന്നോടുള്ള സ്നേഹവും ബഹുമാനവുമാണെന്നും മഡ്കാമി സംഭവത്തോട് പ്രതികരിച്ചു. അവര്‍ സ്വമേധയാ തന്നെയെടുത്ത് വെള്ളക്കെട്ടിന് അപ്പുറത്തെത്തിക്കുകയായിരുന്നുവെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്ത് വെള്ളകെട്ടിനപ്പുറത്തെത്തിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.