തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ കരാര്‍ പാട്ടഭൂമി മറയാക്കി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ തട്ടിയെടുത്തത് കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള 1500 ലധികം ഭൂമി. തമിഴ്‌നാട് കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഉടുമ്പന്‍ ചോല , പീരുമേട് ,ദേവികുളം, താലൂക്കുകളില്‍ പെടുന്ന ഭൂമിയിലാണ് തമിഴരുടെ അനധികൃത കുടിയേറ്റം.

ഇതിലേറെയും കുത്തക പാട്ട ഭൂമിയാണ്. ഇതിനോടൊപ്പം തന്നെ ബെല്‍റ്റ് കാടുകള്‍ എന്ന പേരിലാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയനേതാക്കള്‍ കേരളത്തിന്റെ ഭൂമി അനധികൃതമായി കൈയടക്കിയിരിക്കുന്നത്. ബെല്‍റ്റ് കാട് എന്ന ആനുകൂല്യം തേയിലത്തോട്ടങ്ങള്‍ക്ക് മാത്രമെ അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ കൈയേറിയ ഭൂമിയിലെല്ലാം ഏലമാണ് കൃഷി ചെയ്യുന്നത്.

പെരിയാര്‍ കടുവാ സങ്കേതത്തിന് സമീപമുള്ള കുമളി,ആനവിലാസം,ചക്കുപള്ളം, വാഴവീട് തുടങ്ങിയ സ്ഥലങ്ങിലാണ് കൂടുതല്‍ കൈയ്യേറ്റം നടന്നിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൈയ്യേറ്റം നടക്കുന്നത്.

കുത്തക പാട്ട വ്യവസ്ഥയില്‍ 100 ഏക്കര്‍ ഭൂമി കൈവശമുള്ളവരില്‍ പലരും ഇതിനോടുചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പേ കയ്യേറിയിട്ടുണ്ട്. ഈ ഭൂമിയ്ക്ക് ബെല്‍റ്റ് കാട് എന്ന പേര് നല്‍കിയാണ് കൈയ്യേററം നടന്നത്. എന്നാല്‍ ഈ ഭൂമിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിന്റെ ഏക്കര്‍കണക്കിന് ഭൂമി കൈയ്യേറിയവരാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന കേരള വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും മുന്‍നിരയിലുള്ളത്.

Malayalam News

Kerala News In English