ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ടയാടുകയും നിശബ്ദമാക്കാന്‍ ശ്രമിക്കുകയുമാണെന്നും ദ വയറിന്റെ സ്ഥാപക എഡിറ്റര്‍ എം.കെ വേണു. അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ അമ്പരപ്പിക്കുന്ന വരുമാന വര്‍ധനവിനെ കുറിച്ച് വാര്‍ത്ത നല്‍കിയത് ദ വയറായിരുന്നു.

വയറിനെതിരെ ജെയ് ഷാ നല്‍കിയ മാനനഷ്ടക്കേസില്‍ ഭയപ്പെടുന്നില്ലെന്നും രജിസ്റ്റാര്‍ ഓഫ് കമ്പനീസ് രേഖകളില്‍ ഉള്ളതു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും വേണു പറയുന്നു. അതേസമയം, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജെയ് ഷായ്ക്കായി ഹാജരാകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വേണുവിന്റെ പ്രതികരണം.


Also Read:  നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്, അത് പറയൂ: അമിത്ഷായുടെ മകന്റെ കമ്പനി ലാഭത്തെ കുറിച്ച് പ്രതികരണമാരാഞ്ഞ സീന്യൂസ് റിപ്പോര്‍ട്ടറെ പൊളിച്ചടുക്കി രാഹുല്‍ഗാന്ധി; വീഡിയോ


നേരത്തെ, വരുമാന വര്‍ധനവ് ആരോപണത്തില്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാ മാനനഷ്ടകേസ് നല്‍കിയിരുന്നു. തനിക്കെതിരെ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലിനും വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കും എതിരെയാണ് ജെയ് കേസ് നല്‍കിയിരിക്കുന്നത്. നൂറ് കോടിയുടെ നഷ്ടപരിഹാരമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വര്‍ധനയുണ്ടായെന്ന് ദ വയര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ രോഹിണി സിംഗാണ് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഡി.എല്‍.എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും രോഹിണി സിങ്ങാണ്.
വാര്‍ത്ത വന്നതിന് പിന്നാലെ ബി.ജെ.പി നേതൃത്വം വെട്ടിലായിരുന്നു. പ്രതിപക്ഷം ബി.ജെ.പിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ആരോപണം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.