തിരുവനന്തപുരം: പ്രമുഖ സാഹിത്യവിമര്‍ശകന്‍ എം.കെ സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന എന്ന ജീവചരിത്ര ഗ്രന്ഥത്തിനാണ് അവാര്‍ഡ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് കേന്ദ്രസാഹിത്യ അക്കാദമി ആസ്ഥാനത്ത് നടക്കും.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

1929ല്‍ ആലപ്പുഴയില്‍ ജനിച്ച എം.കെ സാനു നിരൂപകന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്. ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന കൃതിയും രചിച്ചിട്ടുണ്ട്.

‘സഹോദരന്‍ കെ.അയ്യപ്പന്‍, ‘അസ്തമിക്കാത്ത വെളിച്ചം, ‘താഴ്‌വരയിലെ സന്ധ്യ, ‘മൃത്യുഞ്ജയം കാവ്യജീവിതം എന്നിവ ജീവചരിത്ര ഗ്രന്ഥങ്ങളാണ്. ‘പ്രഭാതദര്‍ശനം, രാജവീഥി, സാഹിത്യചിന്ത, അവധാരണം, അനുഭൂതിയുടെ നിറങ്ങള്‍ എന്നിവ നിരൂപണഗ്രന്ഥങ്ങളാണ്.

Malayalam news

Kerala news in English