കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നവീകരിച്ച ഐ.ഐ.എം.സി.എച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നിന്ന് എം.കെ രാഘവന്‍ എം.പി ഇറങ്ങിപ്പോയി. പ്രോട്ടോക്കോള്‍ പാലിക്കാതെ തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണ് രാഘവന്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. രാഘവനെ പിന്‍തുടര്‍ന്ന് യു.എസി രാമന്‍ എം.എല്‍.എയും ചടങ്ങ് ബഹിഷ്‌കരിച്ചു.

ചടങ്ങിന്റെ സംഘാടകര്‍ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. പ്രോട്ടോക്കോള്‍ പാലിക്കാതെ തന്നെ അപമാനിച്ചു. ഇതിനെതിരെ സ്പീക്കര്‍ക്ക് പരാതിനല്‍കുമെന്നും രാഘവന്‍ അറിയിച്ചു.

മന്ത്രിമാരായ പി.കെ ശ്രീമതി, എളമരം കരീം, എന്നിവര്‍ ചടങ്ങിലുണ്ടായിരുന്നു.ആശംസാ പ്രസംഗത്തിനാണ് രാഘവനെ ക്ഷണിച്ചിരുന്നത്. അതില്‍ പി.എം.എ സലാം എം.എല്‍.എയ്ക്ക് താഴെയാണ് തന്നെ ഉള്‍പ്പെടുത്തുന്നതെന്നാണ് രാഘവന്റെ പരാതി.

ചടങ്ങ് ആരംഭിച്ച് ജില്ലാകലക്ടര്‍ പി.ബി സലാം സ്വാഗതം പറയവെയാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച് രാഘവനും രാമനും സദസ്സില്‍ നിന്ന് ഇറങ്ങിപ്പോയത്.

ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയുടെ വിശദീകരണം

നിയമപ്രകാരമുള്ള പ്രോട്ടോക്കോള്‍ പ്രകാരമാണ് രാഘവനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.പ്രോട്ടക്കോള്‍ പ്രകാരമാണ് ചടങ്ങ് നടന്നത്. പ്രോട്ടോക്കോള്‍ പ്രകാരം രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എം.എല്‍.എയ്ക്ക് മുന്‍ഗണന നല്‍കണം. ആരെയും താഴ്ത്തിക്കെട്ടാനും അപമാനിക്കാനും ശ്രമിച്ചിട്ടില്ല. പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന പരാതി ശരിയല്ലെന്നും ശ്രീമതി പറഞ്ഞു.