ന്യൂദല്‍ഹി: ദല്‍ഹിയില്‍ കേരളാ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍ നിഷേധിച്ചു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയാണ് ആരോപണങ്ങള്‍ നാരായണന്‍ നിഷേധിച്ചത്. അമേരിക്കക്കാര്‍ക്ക് എന്തുവേണമെങ്കിലും പറയാമെന്നും അവര്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് വാഷിംഗ്ടണിലേക്ക് അയച്ച രേഖകളില്‍ പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളത്തിലെ ഉദ്യോഗസ്ഥ പ്രമുഖരാണെന്ന് വ്യക്തമാക്കുന്നതായി വിക്കിലീക്ക്‌സ് വെളിപ്പെടുത്തിയിരുന്നു. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ നാരായണന്‍ വിദേശ നയമടക്കമുള്ള സുപ്രധാന കാര്യങ്ങളില്‍ പ്രധാനമന്ത്രിയെ നിയന്ത്രിച്ചിരുന്നതായാണ് അമേരിക്കന്‍ അംബാസിഡര്‍ അഭിപ്രായപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരുമായി ചേര്‍ന്ന് ഒരു കേരള മാഫിയ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും ഈ മാഫിയയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതെന്നും വിക്കിലീക്ക്‌സ് രേഖകള്‍ പറയുന്നു. ഈ ആരോപണങ്ങളാണ് എം.കെ നാരായണന്‍ നിഷേധിച്ചത്.