മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.എം.കെ മുനീര്‍ രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയില്‍ നേരിട്ട് ചെന്ന് കണ്ടാണ് രാജി സന്നദ്ധത അറിയിച്ചത്.

മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ ഐസ്‌ക്രീം പാര്‍ലര്‍കേസുമായി നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടതോടെയാണ് മുസ് ലിം ലീഗില്‍ പുതിയ പ്രതിസന്ധിയുണ്ടായത്. പാര്‍ട്ടി സ്ഥാനമോ ചാനല്‍ ചെയര്‍മാന്‍ സ്ഥാനമോ രാജിവെക്കണമെന്ന് മുനീറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ പുതിയ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യാവിഷനിലെത് ആലങ്കാരിക സ്ഥാനം മാത്രമാണെന്നും ചാനല്‍ എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍ ഇടപെടാറില്ലെന്നും മുനീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കുഞ്ഞാലിക്കുട്ടി ഉള്‍്പപെടെയുള്ള നേതൃത്വം അംഗീകരിച്ചിട്ടില്ല.

വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.വി ഗംഗാധരന്‍ ചാനല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. കൂടുതല്‍ നിക്ഷേപകര്‍ ഇന്ത്യാവിഷനില്‍ നിന്ന് ഓഹരി പിന്‍വലിക്കാന്‍ നീക്കം നടത്തുന്നതായും വാര്‍ത്തകളഉണ്ടായിരുന്നു.

ഇന്നലെ ചേര്‍ന്ന മുസ് ലിം ലീഗ് നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നുവെങ്കിലും ചില നേതാക്കള്‍ ഇടപെച്ച് പ്രശ്‌നം പറഞ്ഞൊതുക്കുകയായിരുന്നു.