Categories

വി.എസുമായി നല്ല ബന്ധത്തിലല്ല: എം.കെ ദാമോദരന്‍

vs-with-mkd കൊച്ചി: അഡ്വക്കറ്റ് ജനറലായത് മുതല്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനുമായി നല്ല ബന്ധമല്ലെന്ന് മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരന്‍. കെ.എ റഊഫുമായി ചര്‍ച്ച നടത്താന്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കേ കഴിയൂവെന്നും രാമോദരന്‍ പറഞ്ഞു. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനായ എം.കെ ദാമോദരന്‍ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സി.പി.ഐ.എമ്മിലെ ഒരു ചെറുവിഭാഗം തനിക്കെതിരേ പ്രവര്‍ത്തിക്കുന്നതായി ദാമോദരന്‍ പറഞ്ഞു. ‘ഐസ്‌ക്രീം കേസില്‍ തന്റെ ഭാര്യയെക്കൂടി വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിന്ദ്യവും നീചവുമായ മനസ്സുള്ളവര്‍ക്കേ ഒരു സ്ത്രീയെ കേസിലേക്ക് വലിച്ചിഴക്കാന്‍ സാധിക്കൂ. താന്‍ അഡ്വക്കറ്റ് ജനറലായതുമുതല്‍ വി.എസ് അച്ച്യുതാനന്ദനുമായി നല്ല ബന്ധത്തിലല്ല. ഒരു സി.പി.ഐ.എം നേതാവ് തന്നോട് വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നത്. എന്നാല്‍ എതിര്‍പ്പിന്റെ കാരണം ഇപ്പോള്‍ പറയാന്‍ തയാറല്ല. മറ്റൊരു അവസരത്തില്‍ തുറന്നുപറയും’- അദ്ദേഹം പറഞ്ഞു.

അഡ്വക്കേറ്റ് ജനറല്‍ ആയതുമുതല്‍ ചില ദുഷ്ടശക്തികള്‍ തനിക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദാമോദരന്‍ വ്യക്തമാക്കി. അടുത്തു തന്നെ ഇക്കാര്യം പുറത്തുവരും. ഐസ്‌ക്രീം കേസുമായി ബന്ധപ്പെടുത്തി കെ.എ റഊഫ് നടത്തുന്നത് നുണപ്രചാരണമാണ്. ഇത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ഒരു കേസിനെയും സ്വാധീനിച്ചിട്ടില്ല.

അഡ്വക്കറ്റ് ജനറല്‍ നല്‍കുന്ന നിയമോപദേശം തെറ്റാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലപാടില്‍ കേസ് മുന്നോട്ടുകൊണ്ടുപോകാം. ഒരു വ്യക്തിക്കെതിരായി കേസ് നിലനില്‍ക്കുമോ എന്നായിരുന്നു സര്‍ക്കാര്‍ ആരാഞ്ഞത്. നിലനില്‍ക്കില്ലെന്ന് പറഞ്ഞു. ഇതേ അഭിപ്രായമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്.

ഒരു ഉന്നതന്‍ തന്റെ ഭാര്യയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇയാള്‍ക്ക് റഊഫുമായി അടുത്ത ബന്ധമാണെന്നും എം.കെ. ദാമോദരന്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തിലാണ് എം.കെ ദാമോദരനെ ഇന്ന് ചോദ്യം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റഊഫ് ചട്ടം 164 പ്രകാരം കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഐസ്‌ക്രീം കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ മുന്‍ അഡ്വക്കറ്റ് ജനറലിന്റെ പങ്ക് വ്യക്തമാക്കിയിരുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ തരത്തില്‍ നിയമോപദേശം നല്‍കുന്നതിനായാണ് എം.കെ ദാമോദനെ സ്വാധീനിച്ചത്. ഇതിനുവേണ്ടി 32 ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി ദാമോദരന് നല്‍കിയെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍. ദാമോദരന്റെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനത്തിന് ബാധ്യതയുണ്ടായിരുന്ന 69 ലക്ഷം രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 32ലക്ഷം രൂപയ്ക്ക് തീര്‍ക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു. ഇതിനുവേണ്ടി 15 ലക്ഷം രൂപ റഊഫ് വഴി ദാമോദരന് നല്‍കി. 17 ലക്ഷം രൂപ എസ്.ബി.ഐയില്‍ അടച്ചതായുമായിരുന്നു വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കാനാവില്ലെന്ന് ദാമോദരന്‍ നിയമോപദേശം നല്‍കി. കൂടാതെ ഐസ്‌ക്രീംകേസില്‍ കുഞ്ഞാലിക്കുട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തയ്യാറാക്കി നല്‍കിയതും ദാമോദരനാണെന്ന് റഊഫ് വെളിപ്പെടുത്തിയിരുന്നു.

3 Responses to “വി.എസുമായി നല്ല ബന്ധത്തിലല്ല: എം.കെ ദാമോദരന്‍”

 1. J.S. ERNAKULAM

  വി.എസുമായി നല്ല ബന്ധത്തിലല്ല: എം.കെ ദാമോദരന്‍

  അത് താങ്കള്‍ പറയാതെ തന്നെ മനസ്സിലായി,,,,

 2. Aravindakshan

  ഭാര്യയെ കുടുക്കാന്‍ ശ്രമിച്ചു എന്ന് ദാമോദരന്‍ പറയുന്നു. മാമക്ക്‌ മാമ പണി ഉണ്ടോ എന്ന് സംശയികണം. അച്ചു മാമന്‍ മറുപടി പറയണം.

 3. rajesh

  ഡോണ്ട് ട്രൈ ടോ സ്മാര്‍ട്ട്‌ ഓവര്‍ ദി media

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.