എനര്‍ജി ഡ്രിങ്‌സുമായി കൂട്ടിക്കലര്‍ത്തി മദ്യപിക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. എന്നാല്‍ ഇനി ആ ശീലം മാറ്റുന്നതാണ് നല്ലത്. കാരണം സാധാരണ രീതിയില്‍ കഴിക്കുന്നതിനേക്കാള്‍ പ്രശ്‌നമാണ് ഈ കൂട്ടിക്കലര്‍ത്തി കഴിക്കല്‍ എന്നാണ് പുതിയ കണ്ടെത്തല്‍. ഇത് നിര്‍ജ്ജലീകരണം, ചര്‍ദ്ദി, മനുംപുരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനു പുറമേ ശരീരത്തെ ദീര്‍ഘകാലം ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.

ചാരിറ്റി ആല്‍ക്കഹോള്‍ കണ്‍സേണിന്റെതാണ് പുതിയ കണ്ടെത്തല്‍. എനര്‍ജി ഡ്രിങ്‌സിലെ കഫീന്‍ ആല്‍ക്കഹോളുമായി ചേരുന്നതുകാരണം എത്ര കുടിച്ചാലും ഫിറ്റാവില്ല. അതുകാരണം വീണ്ടും വീണ്ടും കുടിക്കുകയും ചെയ്യും. എന്നാല്‍ മദ്യപിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം ഉണ്ടാവുകയും ചെയ്യുമെന്നാണ് ഇവര്‍ കണ്ടെത്തിയിട്ടുള്ളത്.

എനര്‍ജി ഡ്രിങ്ക്‌സിലെ കഫീനും ആല്‍ക്കഹോളം നിര്‍ജലീകരണത്തിനിടയാക്കും. അതുകൊണ്ടുതന്നെ ഇവ കൂട്ടികലര്‍ത്തി കഴിക്കുന്നത് ശരീരത്തില്‍ ജലാംശം അപ്പാടെ നഷ്ടമാകാന്‍ ഇടയാക്കും. ഇത് ചര്‍ദ്ദി, മനംപുരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആല്‍ക്കഹോള്‍ കഴിച്ചാലുണ്ടാവുന്ന വിഷാദഭാവത്തെ മറക്കാന്‍ കഫീനിന് കഴിയും. എനര്‍ജി ഡ്രിങ്‌സുമായി കൂട്ടികലര്‍ത്തി കഴിക്കുമ്പോള്‍ എത്ര മദ്യപിച്ചാലും ബോധം പോകില്ല. അതിനാല്‍ ആളുകള്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാവും. ഇത് അപകടത്തിലേക്ക് നയിക്കും.

ഇതിനു പുറമേ എനര്‍ജി ഡ്രിങ്‌സുമായി കൂട്ടികലര്‍ത്തി ആല്‍ക്കഹോള്‍ കഴിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഡ്രൈവ്് ചെയ്യാനുണ്ടാവുന്ന താല്‍പര്യം മറ്റുള്ളവരിലേക്കാള്‍ കൂടുതലാണെന്ന് യു.എസില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയതായി ചാരിറ്റി പറയുന്നു.