കൊല്‍ക്കത്ത: വളരെ ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യം നേരിടുന്നതിനാല്‍ ബംഗാളില്‍ മിശ്രസമ്പദ്ഘടന മാതൃക പരീക്ഷിക്കുമെന്ന് മമത. ബംഗാളില്‍ സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റയും ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കാര്‍ഷിക മേഖലക്കും വ്യാവസായിക മേഖലക്കും പരമാവധി പ്രാധാന്യം നല്‍കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

മിശ്ര സമ്പദ്ഘടന ശക്തമായ നിയന്ത്രണത്തിലുള്ളൊരു കമ്പോള സമ്പദ്ഘടനയെ വാര്‍ത്തെടുക്കാന്‍ സഹായിക്കും. അടുത്തകാലത്തായി ധാരാളം കര്‍ഷകസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് കടന്നുവന്ന മമത കാര്‍ഷിക മേഖലയില്‍ ക്രിയാത്മകമായ ഗവേഷണങ്ങളിലൂടെയും യന്ത്രവല്‍ക്കരണങ്ങളിലൂടെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് കരുതുന്നു.

എഞ്ചിനീയറിങ്, ഉരുക്ക്, തേയില, ജൂട്ട്, ടെക്‌സ്‌റ്റൈല്‍സ് മുതലായ മേഖലകളില്‍ തൃണമൂല്‍ സര്‍ക്കാര്‍ സ്വകാര്യ മൂലധനം വളര്‍ത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ചെറുകിട ഉല്‍പാദകരെ സംസ്ഥാനത്തെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേരത്തെതന്നെ പ്രസ്താവിച്ചിരുന്നു. അരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് മമത ബാനര്‍ജി ആലോചിക്കുന്നത്.