ഗ്രേറ്റര്‍ നോയിഡ: ചന്തയില്‍ നിന്നും വാങ്ങിയ പശുക്കളുമായി വീട്ടിലേക്കു പോകവെ ക്ഷീരകര്‍ഷകര്‍ക്ക് ഗോരഭക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. സിര്‍സ മാഞ്ജിപൂര്‍ സ്വദേശികളായ ജബാര്‍ സിങ്, ഭൂപ് സിങ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

മെഹ്ന്ദിപൂര്‍ ഗ്രാമത്തില്‍ നിന്നും പശുവിനെയും കിടാവിനെയും വാങ്ങി തിരിച്ചുവരുംവഴിയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഇവര്‍ മുസ്‌ലീങ്ങള്‍ ആണെന്നു കരുതിയായിരുന്നു ആക്രമണം.

ഗോരക്ഷാ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തങ്ങള്‍ ഹിന്ദുക്കളാണെന്ന് ഇരകള്‍ കരഞ്ഞുപറഞ്ഞതോടെയാണ് ഇവര്‍ ആക്രമണത്തില്‍ നിന്നും പിന്‍വാങ്ങിയത്.

ഇതോടെ ഗുരുതരാവസ്ഥയിലായ ഇവരെ ഉപേക്ഷിച്ച് അക്രമികള്‍ ഓടിപ്പോകുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

‘ഇരകള്‍ ഒരു പശുവും കിടാവുമായി മെഹ്ന്ദിപൂര്‍ ഗ്രാമത്തില്‍ നിന്നും തിരിച്ചുവരികയായിരുന്നു. വഴിയില്‍ വാഹനം നിര്‍ത്തിയ ഇവര്‍ ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചില ബി.ജെ.പി പ്രവര്‍ത്തകരും ഗോരക്ഷാ പ്രവര്‍ത്തകരും ഇവരെ കണ്ട് മുസ്‌ലീങ്ങളാണെന്ന് ധരിക്കുകയായിരുന്നു. അവര്‍ മറ്റുചിലയാളുകളെക്കൂടി വിളിച്ചുവരുത്തി അവരെ ആക്രമിക്കുകയാണുണ്ടായത്.’ പ്രദേശവാസിയായ മ്യൂസാം ഖാന്‍ പറയുന്നു.

ഗുരുതരാവസ്ഥയില്‍ ഇരകളെ കണ്ട ചില പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ സ്വകാര്യ ആശുപത്രിയിലേക്കു പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് നോയിഡ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് മഹേഷ്, ആഷിഷ് ഓംപാല്‍ എന്നിവര്‍ക്കും കണ്ടാല്‍ തിരിച്ചറിയുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജവാര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അജയ്കുമാര്‍ ശര്‍മ്മ അറിയിച്ചു.