അഡ്‌ലെയ്ഡ്: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ ശ്രീലങ്ക മത്സരത്തില്‍ അമ്പയര്‍ക്കു പിഴച്ചു. ഇന്നലെ നടന്ന മത്സരത്തിനിടെയാണ് അമ്പയര്‍മാരുടെ പിഴവുമൂലം ഇന്ത്യയ്ക്ക് ഒരു പന്ത് നഷ്ടപ്പെട്ടത്. ലസിത് മലിംഗ എറിഞ്ഞ മുപ്പതാം ഓവറാണ് അഞ്ച് പന്തെറിഞ്ഞ് അവസാനിപ്പിക്കേണ്ടി വന്നത്.

മലിംഗയുടെ ആ ഓവറില്‍ ഇന്ത്യ ഒമ്പത് റണ്‍സ് നേടിയിരുന്നു.അഞ്ചാമത്തെ പന്തില്‍ ധോണിഒരു റണ്‍എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഓവര്‍ അവസാനിച്ചതായി അമ്പയര്‍ അറിയിക്കുകയായിരുന്നു.

ഇംഗ്ലണ്ടുകാരായ സൈമണ്‍ ഫ്രൈയും നിഗല്‍ ലോഗുമായിരുന്നു അമ്പയര്‍മാര്‍. ഓസ്‌ട്രേലിയക്കാരനായ തേഡ് അമ്പയര്‍ ബ്രൂസ് ഓക്‌സംഫോര്‍ഡും ഈ പിഴവ് ശ്രദ്ധിച്ചില്ല. ഒരു പക്ഷേ ആറാമത്തെ പന്ത് എറിഞ്ഞിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറിയേനെ.

ഇക്കാര്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ മത്സരത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്  പറയുകയും ചെയ്തു. അമ്പയര്‍മാരുടെ പിഴവ് ഗുരുതരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യം വിവാദമാക്കാനുദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി.

ഏതാണ്ട് സമാനമായ സംഭവം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മഴമൂലം കളി 32 ഓവറാക്കി ചുരുക്കിയപ്പോള്‍ ലെഗ് സ്പിന്നര്‍ രാഹുല്‍ ശര്‍മ്മയ്ക്ക് രണ്ട് പന്തുകള്‍ അധികം എറിയേണ്ടിവന്നിട്ടുണ്ട്. ഒരു ബൗളര്‍ക്ക് പരമാവധി ആറ് ഓവര്‍മാത്രമേ എറിയാന്‍ കഴിയുള്ളൂ. എന്നാല്‍ രാഹുല്‍ ഏഴാം ഓവര്‍ എറിഞ്ഞുതുടങ്ങിയപ്പോഴാണ് അമ്പയര്‍മാര്‍ക്ക് അബദ്ധം മനസ്സിലായത്.

Malayalam News

Kerala News In English