തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ കേരളത്തില്‍ നടത്തിയ രക്തപരിശോധനാ ഫലം തെറ്റെന്ന് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബ്. അനുവദനീയമായ അളവില്‍ കൂടുതല്‍ ചെമ്പിന്റെ അംശം ശാരിയുടെ ശരീരത്തിലുണ്ടായിരുന്നതായി കെമിക്കല്‍ ലാബ് നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് സി.എഫ്.എസ്.എല്‍ കോടതിയില്‍ പറഞ്ഞത്. ഹൈദരാബാദിലെ ഫൊറന്‍സിക് സയന്‍സ് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ ശ്രീവാസ്തവയാണ് നല്‍കിയ മൊഴിയിലാണ് സി.എഫ്.എസ്.എല്ലിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് പറയുന്നത്.

ശാരിയുടെ നൂറു മില്ലിഗ്രാം രക്തത്തില്‍ 5.25മില്ലിഗ്രാം  ചെമ്പിന്റെ അംശം അടങ്ങിയിരുന്നെന്നാണ് സംസ്ഥാനത്ത് നടത്തിയ കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് അനുവദനീയമായ അളവില്‍ കൂടുതലാണ്. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശാരിയുടെ മരണത്തില്‍ അസ്വാഭികതയുണ്ടെന്ന് ആരോപിക്കുന്നത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ ഇത് 0.42 ആണന്ന് തെളിഞ്ഞതായി അനില്‍കുമാര്‍ ശ്രീവാസ്തവ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ മൊഴിനല്‍കി.

Subscribe Us:

ശാരിയുടെ ശരീരത്തില്‍ 5.25 ഗ്രാം ചെമ്പ് ഒരിക്കലും ഉണ്ടാവാന്‍ സാധ്യതയില്ല. കണക്കുകൂട്ടലിലെ പിഴവോ നടപടിക്രമങ്ങള്‍ തെറ്റിയതോ ആകാം കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ പിശകുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

മരണകാരണമായേക്കാവുന്ന തരത്തില്‍ ചെമ്പിന്റെ അംശമോ മറ്റ് വിഷാംശങ്ങളോ പരിശോധനയില്‍ കണ്ടെത്താനായില്ലെന്നും ശ്രീവാസ്തവ പറഞ്ഞു. അതേസമയം കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതിനായി ഈ മാസം ഇരുപത്തിയൊന്‍പതിലേക്ക് മാറ്റി.

Malayalam News

Kerala News In English