അഹമ്മദാബാദ്: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരായ കേസില്‍ കാണാതായ പ്രധാന സാക്ഷിയെ കണ്ടെത്തി. ഗുജറാത്ത് കലാപകേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ വ്യാജ സത്യവാങ്മൂലം നല്‍കാന്‍ കോണ്‍സ്റ്റബിളിനെ പ്രേരിപ്പിച്ചെന്ന കേസില്‍ സഞ്ജീവ് ഭട്ടിനെതിരായ പ്രധാന സാക്ഷി ശരണിക് ഷായെ ആണ് പോലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇയാളെ കാണാനില്ലെന്ന് പോലീസ് അറിയിച്ചിരുന്നത്.

ഗുജറാത്തിലെ സബര്‍കന്ത ജില്ലയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ തന്നെ ഒരു കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭീഷണിപ്പെടുത്തി ആറുപേര്‍ വീടിനടുത്തു നിന്നും തട്ടിക്കൊണ്ടു പോയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

Subscribe Us:

ദീപാവലിയോട് അനുബന്ധിച്ച ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച ഗാന്ധിനഗറില്‍ പോയ ശരണിക് ഷാ രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിച്ചതൊടെയാണ് ഇയാളെ കാണാതായ വാര്‍ത്ത പുറംലോകം അറിഞ്ഞത്.

ഗുജറാത്ത് കലാപത്തിനു മുന്‍പു മോഡി വിളിച്ചുകൂട്ടിയ ഉന്നതതല യോഗം സംബന്ധിച്ചു വ്യാജ സത്യവാങ്മൂലം നല്‍കാന്‍ തന്നെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്‌തെന്ന് ആരോപിച്ചു പൊലീസ് കോണ്‍സ്റ്റബിള്‍ കെ.ഡി. പന്ത് നല്‍കിയ ഹര്‍ജിയിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. തന്നോടൊപ്പം ആ സമയത്ത് ശരണിക് ഷായും ഉണ്ടായിരുന്നെന്നും എല്ലാത്തിനും ഷാ ദൃക്‌സാക്ഷിയാണെന്നും പന്ത് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഷായുടെ മൊഴിയും റെക്കോര്‍ഡ് ചെയ്തിരുന്നു.

English News
Malayalam News