കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കും. ലാഘവത്വം കാട്ടിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, മരണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലെടുത്തിരുന്നു. മിഷേലിനെ കഴിഞ്ഞ കുറച്ചുകാലമായി പിന്തുടര്‍ന്നിരുന്ന തലശേരി സ്വദേശിയേയും ചെന്നൈയില്‍ വിദ്യാര്‍ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.

തലശേരി സ്വദേശിയെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈ സ്വദേശിയെ ഇവിടേക്കു വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. പരിചയക്കാരനായ ഇയാള്‍ മിഷേലിനെ ശല്യം ചെയ്തിരുന്നതായി സുഹൃത്തുക്കളുടെ മൊഴിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.

മിഷേല്‍ മുങ്ങി മരിച്ചതാണെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിനിടെ മിഷേല്‍ ഷാജിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യമുയര്‍ത്തി വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ ഇന്നു രാവിലെ 10ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പ്രത്യേക അന്വേഷണസംഘം വേണമെന്നു ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. മിഷേലിന് നീതി ആവശ്യപ്പെട്ട് ടൊവിനോ, നിവിന്‍ പോളി, അജുവര്‍ഗീസ്, കുഞ്ചാക്കാ ബോബന്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിരുന്നു.