Categories

മിഷേലിന്റെ മരണം: ക്രോണിനെ 24 വരെ ക്രൈം ബ്രാഞ്ച് കസ്‌ററഡിയില്‍ വിട്ടു

കൊച്ചി: കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിനെ ഈ മാസം 24 വരെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ക്രോണിനെ ഛത്തീസ്ഗഡില്‍ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

പാലാരിവട്ടത്ത് സി.എ പഠിച്ചുകൊണ്ടിരുന്ന മിഷേല്‍ ഷാജി രണ്ടാം ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി ആത്മനഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. ക്രോണിന്റെ നിരന്തരമായ ശല്യം കാരണമാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നും പോലീസ് പറയുന്നു.

നേരത്തേ ക്രോണിനെ തങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞ് മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞിരുന്നു. ക്രോണിന്‍ തങ്ങളുടെ ബന്ധുവല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. മിഷേലിന്റെ അകന്ന ബന്ധുവാണ് ക്രോണിന്‍ എന്നാണ് നേരത്തെ പോലീസ് പറഞ്ഞത്.

മരിച്ച അന്ന് മിഷേല്‍ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചുവെന്നും ഏറെ സന്തോഷവതിയായിരുന്നുവെന്നും ഷാജി പറഞ്ഞിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ക്രോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായി മിഷേലിനെ അറിയാമെന്നും താനുമായി അകലാന്‍ ശ്രമിച്ചത് കൊണ്ട് തങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായി എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.