നെയ്യാറ്റിന്‍കര: ഇന്ത്യന്‍ ദേശീയപതാകയോട് അനാദരവ് കാണിച്ചതിനെതിരെ കേസ്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക അലസമായി കെട്ടിയ സംഭവത്തിലാണ് പോലീസ് കേസെടുത്തത്.

Ads By Google

ഓലത്താന്നിയിലെ പെരുമ്പഴുതൂര്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സ്വാതന്ത്ര്യദിനമായ ഇന്നലെ ദേശീയപതാക അലസമായി കെട്ടിയത്.

പ്രാഥമികാരോഗ്യകേന്ദ്രം വളപ്പിലെ വൃക്ഷത്തില്‍ കമ്പില്‍ കെട്ടി നിര്‍ത്തിയ നിലയിലാണ് ഇന്നലെ ദേശീയപതാക കാണപ്പെട്ടത്. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസിനോട് സ്ഥലം സന്ദര്‍ശിച്ച് നടപടി കൈക്കൊള്ളാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വാതന്ത്ര്യദിനത്തിന് ദേശീയപതാക ഉയര്‍ത്തണമെന്ന നിര്‍ദേശം ഒരാഴ്ച മുമ്പേ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പലരും ദേശീയപതാക ഉയര്‍ത്തിയില്ലെന്നുമാത്രമല്ല. അതിനോടുള്ള ആദരവ് കാണിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ദേശീയപതാകയോടുള്ള അനാദരവ് ഗുരുതരമായ വീഴ്ചയാണെന്നും കേസെടുത്തിട്ടുണ്ടെന്നും നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.