ന്യൂദല്‍ഹി: സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഹുറിയത് കോണ്‍ഫ്രന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ കാറിന് നേരെ ബി.ജെ.പി ആക്രമണം. ന്യൂദല്‍ഹിയില്‍ ഫോറിന്‍ കറസ്‌പോണ്ടന്റ് ക്ലബില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

സെമിനാറില്‍ മിര്‍വായിസ് പങ്കെടുക്കുന്നുണ്ടെന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹാളിന് മുന്നില്‍ തടിച്ച് കൂടിയിരുന്നു. ‘ഭാരത് മാതാ കീ ജയ്, വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി നിന്ന സംഘം മിര്‍വായിസിന്റെ കാറിന് നേരെ കുപ്പിയും കല്ലും മുട്ടയുമെറിയുകയായിരുന്നു. കാറിന്റെ മുന്നിലെ ഗ്ലാസുകള്‍ തകര്‍ന്നു.

സ്ഥലത്ത് സി.ആര്‍.പി.എഫും ദല്‍ഹി പോലീസും നിലയുറപ്പിച്ചിരുന്നു. കാശ്മീരില്‍ നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ എന്തിന് നിങ്ങള്‍ രക്ഷിക്കുന്നുവെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രതിഷേധക്കാരുടെ ചോദ്യം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മിര്‍വായിസിനെതിരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.