ന്യൂദല്‍ഹി: സംസ്ഥാനത്തെ 91 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി ന്യൂനപക്ഷ പദവി. 90 സ്‌കൂളുകള്‍ക്കും ഒരു കോളജിനുമാണു പദവി ലഭിച്ചത്. ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിങ്ങിലാണു തീരുമാനം. പദവി ലഭിച്ച 89 സ്‌കൂളുകള്‍ കോതമംഗലം രൂപതയുടെ കീഴിലുള്ളവയാണ്.

എ.പി സുന്നി വിഭാഗത്തിനു കീഴിലെ കോഴിക്കോട് മണക്കടവ് ഹിദായ പബ്ലിക് സ്‌കൂളിന് അംഗീകാരം ലഭിച്ചു. തൊടുപുഴ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയ്‌നിങ് കോളെജിനും പദവി ലഭിച്ചിട്ടുണ്ട്.

ഇവയ്ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. കോതമംഗലം രൂപതയ്ക്കു കീഴിലുള്ളവ എയ്ഡഡ് സ്‌കൂളുകളാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രതിനിധിയായി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം. ഡി. ജോര്‍ജാണു സിറ്റിങ്ങില്‍ പങ്കെടുത്തത്.

ജസ്റ്റിസ് എം.എസ്. സിദ്ദിഖി അധ്യക്ഷനായ ബെഞ്ചില്‍ സംസ്ഥാനത്തു നിന്നുള്ള ജസ്റ്റിസ് സിറിയക് ജോസഫ് അംഗമാണ്. ഫുള്‍ ബെഞ്ച് സിറ്റിങ്ങാണു നടന്നത്.