മഞ്ചേരി: സിനിമാ നടിക്കൊപ്പം ബാറിലെത്തിയ മന്ത്രി പുത്രനെ തേടി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസിനെ തടയാന്‍ ഡി വൈ എഫ് ഐയും രംഗത്തെത്തിയതോടെ സംഘര്‍ഷം. ബാറിലെത്തി പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടാതെ യൂത്ത് കോണ്‍ഗ്രസ് മടങ്ങി. ഇന്നലെ മഞ്ചേരിയിലെ ബാര്‍ അറ്റാച്ചഡ് ഹോട്ടലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

എന്നാല്‍ മന്ത്രി പുത്രനെ സംബന്ധിച്ച് വാര്‍ത്ത കിട്ടിയത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും ചെയ്തു. മന്ത്രിയുടെ മകനുണ്ടെങ്കില്‍ പിടിക്കണമെന്നും അക്കാര്യം ഉറപ്പുവരുത്തിയിട്ട് പോയാല്‍ മതിയെന്നുമായി യൂത്ത് കോണ്‍ഗ്രസിനോടും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഇതിനിടെ ലീഗ് പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി എത്തി. അതോടെ സംഘര്‍ഷമായി. വാക്കേറ്റം കൈയേറ്റത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പൊലീസ് ഇടപെട്ട് സംഘട്ടനം ഒഴിവാക്കുകയായിരുന്നു.

ചാനലുകാരെ പൊലീസ് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ പിന്നീട് ലോഡ്ജിനുനേരെ കല്ലേറുണ്ടായി. പിന്നീട് പൊലീസും ലീഗുകാരും ചേര്‍ന്ന് ലോഡ്ജില്‍ വീണ്ടും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.