Categories

കാലിക്കറ്റ് സര്‍വകലാശാല വിവാദ ഭൂമിയിടപാടിന് പിന്നില്‍ മന്ത്രിബന്ധു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദമായ ഭൂമിയിടപാടിനു പിന്നില്‍ മന്ത്രിബന്ധുവിന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. യു.ഡി.എഫ് മന്ത്രിസഭയിലെ ഒരംഗത്തിന്റെ ബന്ധുവാണ് ഭൂമിയിടപാടിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. സ്വകാര്യ ട്രസ്റ്റുകള്‍ക്ക് സര്‍വകലാശാലാ ഭൂമി തരപ്പെടുത്തിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്നും സൂചനയുണ്ട്.

സി.എച്ച്. ഇന്‍സ്റ്റിറ്റിയൂട്ടിന് പത്തേക്കര്‍ സ്ഥലം നേടിയെടുക്കാന്‍ മന്ത്രി നേരിട്ടാണ് സര്‍വകലാശാലയെ സമീപിച്ചത്. ഘടകകക്ഷിയിലെ പ്രമുഖനായ മന്ത്രി സമീപിച്ചതോടെ സിന്‍ഡിക്കേറ്റ് സമ്മര്‍ദത്തിലായി. സംസ്ഥാന പ്രസിഡന്റ് ചെയര്‍മാനായ ഗ്രേസ് എജുക്കേഷനല്‍ അസോസിയേഷനാണ് സി.എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് അപേക്ഷിച്ചത്. ഇതോടെ ഭൂമി നേടിയെടുക്കുകയെന്നത് സിന്‍ഡിക്കേറ്റിലെ ലീഗ് അംഗങ്ങളുടെ അഭിമാനപ്രശ്‌നമായി. ചെയര്‍ തുടങ്ങാന്‍ ഗ്രേസ് അസോസിയേഷന്‍ 20 ഏക്കര്‍ സ്ഥലമാണ് ആവശ്യപ്പെട്ടത്. ചെയറിന് 20 സെന്റേ നല്‍കാനാവൂവെന്ന ചട്ടമുള്ളതിനാല്‍ സി.എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന് പേരു മാറ്റിയാണ് സ്ഥലം നല്‍കിയത്.

യു.ഡി.എഫ് സിന്‍ഡിക്കേറ്റിന്റെ നിലപാടിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് അംഗം ആര്‍.എസ്. പണിക്കര്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

സര്‍വകലാശാലയുടെ 93 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പദ്ധതിയില്‍ കേരള ഒളിമ്പിക് അസോസിയേഷനെ ഉള്‍പ്പെടുത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ അംഗത്വമൊഴിച്ചാല്‍ കടലാസ് സംഘടനയാണ് ഇത്. പ്രവര്‍ത്തനമേഖലയോ സ്വന്തമായി ഓഫിസോ, ഫണ്ടോ അസോസിയേഷനില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന ഗ്രാന്റാണ് ഏക വരുമാനം.

50 ഏക്കര്‍ സ്ഥലത്തെ പദ്ധതിയില്‍ അസോസിയേഷന്‍ പങ്കാളിയാവുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് സൂചന. കേന്ദ്ര കായിക മന്ത്രാലയം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണം തേടാമെന്നിരിക്കെ ഇവരെ ഉള്‍പ്പെടുത്തിയതാണ് സംശയം കൂട്ടുന്നത്.
കോഴിക്കോട്ടെ ബാഡ്മിന്റണ്‍ അസോസിയേഷന് മൂന്നേക്കര്‍ നല്‍കുന്നതിലും അമിത തിടുക്കമാണ് സിന്‍ഡിക്കേറ്റ് കാണിച്ചത്. ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചുതരാമെന്ന വാഗ്ദാനവുമായാണ് ഇവര്‍ രംഗത്തുവന്നത്.

സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പദ്ധതിയില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുണ്ടായിരിക്കെ സ്ഥലം നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പാണ് സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളായ ആര്‍.എസ്. പണിക്കര്‍, ജി.സി. പ്രശാന്ത്കുമാര്‍ എന്നിവര്‍ പ്രകടിപ്പിച്ചത്.എന്‍.സി.സിക്ക് എട്ട്, സി.എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് പത്ത്, ബാഡ്മിന്റണ്‍ അസോസിയേഷന് മൂന്ന് എന്നിങ്ങനെ 21 ഏക്കര്‍ ഭൂമിയാണ് ആറു മാസത്തിനകം നല്‍കിയത്.

Tagged with: