തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി പി.കെ.ജയലക്ഷ്മിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടി.എ ഐസക്കിനെയാണ് പുറത്താക്കിയത്.

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന ആദിവാസി പെണ്‍കുട്ടിയെ തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ ടി.എ ഐസക് പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

തന്റെ സ്റ്റാഫില്‍പെട്ട ആരും ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അറിയില്ലെന്നും ഇതു സംബന്ധിച്ചു ഒരു പരാതിയും കിട്ടിയിട്ടില്ലെന്നും മന്ത്രി പി.കെ ജയലക്ഷ്മി   കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കിക്കൊണ്ട് ഉത്തരവിറങ്ങിയിരിക്കുന്നത്.

അതേസമയം, മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം തന്നെ പീഡിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് പിന്നീട് യുവതി രംഗത്തുവന്നിരുന്നു.

Malayalam News

Kerala News In English