കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്ക് തെറ്റുപറ്റിയെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ ദുര്‍ബലപ്പെടുത്തുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ബന്ധമില്ലെന്നും ഡാം തകര്‍ന്നാല്‍ വെള്ളം താങ്ങാനാവുമെന്നമുള്ള അഡ്വക്കറ്റ് ജനറലിന്റെ സത്യവാങ്മൂലം വ്യാപക പ്രതിഷേധം ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു തിരുവഞ്ചൂരിന്റെ വാര്‍ത്താ സമ്മേളനം.

സംസ്ഥാന നിലപാട് കോടതിയില്‍ അറിയിക്കുന്നതില്‍ എ.ജിക്ക് തെറ്റുപറ്റി. വൈകാരിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, എ.ജിക്കെതിരെ എന്തു നടപടിയുണ്ടാകുമെന്ന് ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.

കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തമിഴ്‌നാട്ടിലെ നിഷ്പക്ഷരായ ആളുകള്‍ക്ക് തന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിഷയത്തില്‍ തമിഴ്‌നാടുമായി ഒപ്പിട്ട മുന്‍ കരാറുകളും ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Malayalam news
Kerala News in Kerala