തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ സ്വകാര്യവത്കരിക്കുന്ന പ്രശ്‌നമില്ലെന്നു ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി.യെ സ്വകാര്യവത്കരിക്കണമെന്ന മന്ത്രി എം.കെ. മുനീറിന്റ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവത്കരണം സര്‍ക്കാരിന്റെ നയമല്ലെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുനീറിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അത് ആരുടെയെങ്കിലും ചോദ്യത്തിനു സാന്ദര്‍ഭികമായി അദ്ദേഹം പറഞ്ഞ മറുപടിയായിരിക്കാം എന്നാണ് ശിവകുമാര്‍ പറഞ്ഞത്. നയപരമായ ഒരു വിഷയത്തില്‍ വകുപ്പുമന്ത്രിയുമായി ആലോചിക്കാതെ മുനീര്‍ അഭിപ്രായപ്രകടനം നടത്തിയതു ശരിയാണോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ശിവകുമാര്‍ വ്യക്തമായ മറുപടി നല്കിയില്ല.

ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാലാണ് ഇപ്പോള്‍. എല്ലാക്കാലവും നഷ്ടം സഹിച്ചു മുന്നോട്ടു പോകാനാവില്ല. നഷ്ടം നികത്താനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ നഷ്ടം നികത്താന്‍ കാര്‍പറേഷനെ സ്വകാര്യവത്കരിക്കില്ല. കെ.എസ്.ആര്‍.ടി.സി വികസനത്തിന് സര്‍ക്കാര്‍ വലിയ പിന്തുണയാണു നല്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.