തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ പൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ ‘ആദിമധ്യാന്തം’ സിനിമയുടെ ഡി.വി.ഡിയില്‍ തിരിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ചിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാകും ഡി.വി.ഡിയില്‍ തിരിമറി നടന്നോയെന്ന് പരിശോധിക്കുക. അതേസമയം മേളയില്‍ എപ്പോഴെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന ചലച്ചിത്ര അക്കാദമിയുടെ വാഗ്ദാനം സംവിധായകന്‍ ഷെറി നിരസിച്ചു.

മത്സര വിഭാഗത്തില്‍ മാത്രം തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നും ഇല്ലെങ്കില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നുമാണ് ഷെറിയുടെ നിലപാട്. അതിനിടെ മലയാള ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം കൈരളി തീയേറ്ററിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് യാതൊരു തടസവുമുണ്ടാക്കെതെയാണ് പ്രതിഷേധ പ്രകടനം നടന്നത്.

ചലച്ചിത്രമേളയിലേക്ക് നല്‍കിയ ഡി.വി.ഡിയല്ല പിന്നീട് മന്ത്രിയടക്കമുള്ളവര്‍ കണ്ടതെന്ന് ഷെറി ആരോപിച്ചിരുന്നു. ചിത്രം എഡിറ്റ് ചെയ്യുന്നതിന് മുമ്പ് ബീനാപോളിന് താന്‍ നല്‍കിയ ഡി.വി.ഡി മോഷണം പോയിരുന്നു. ഈ ഡി.വി.ഡിയാണ് പിന്നീട് മേളയ്ക്ക് താന്‍ നല്‍കിയതെന്ന പേരില്‍ പ്രചരിച്ച അപൂര്‍ണഡി.വി.ഡിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ആദിമധ്യാന്തം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഷെറി ഗണേഷ്‌കുമാറുമായും പ്രിയദര്‍ശനുമായും ചര്‍ച്ച നടത്തിയിരുന്നു. ഒരു കലാകാരനെന്ന നിലയില്‍ ഷെറിയുടെ വികാരം മാനിച്ച് മേളയില്‍ എപ്പോഴെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് അക്കാദമി അറിയിക്കുകയായിരുന്നു. എന്നാല്‍ മത്സരവിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ഷെറി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ അക്കാദമി തയ്യാറായില്ല. ഇതേതുടര്‍ന്ന് തന്നൊടൊപ്പം നില്‍ക്കുന്ന ആളുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കാമെന്നും ഷെറി അറിയിച്ചിരുന്നു. കുറച്ചുസമയങ്ങള്‍ക്കുശേഷം തന്റെ ചിത്രം മത്സരവിഭാഗത്തിലാണെങ്കില്‍ പ്രദര്‍ശിപ്പിക്കാം എന്ന നിലപാട് ഷെറി തുറന്നുപറയുകയായിരുന്നു.

Malayalam news