എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കി പദ്ധതിയിലെ ഒന്നാം ഘട്ട ജനറേറ്ററുകളുടെ നവീകരണവും ആധുനിക വത്ക്കരണവും ആരംഭിച്ചതായി മന്ത്രി എം.എം മണി
എഡിറ്റര്‍
Thursday 6th July 2017 5:06pm

 

തിരുവനന്തപുരം: ഇടുക്കി പദ്ധതിയിലെ ഒന്നാം ഘട്ട ജനറേറ്ററുകളുടെ നവീകരണവും ആധുനിക വത്ക്കരണവും ആരംഭിച്ചതായി മന്ത്രി എം.എം മണി അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി ജലവൈദ്യുത പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളില്‍ ഒന്നും രണ്ടും മൂന്നും ജനറേറ്ററുകള്‍ 1976- ല്‍ പ്രവര്‍ത്തിച്ച് തുടങ്ങി. നാലും അഞ്ചും ആറും ജനറേറ്ററുകള്‍ 1986 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.


Also Read: ഇസ്രഈലില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന തെരുവുബാലകന്‍: സംഘികളുടെ ‘തള്ള്’ പൊളിഞ്ഞത് ഇങ്ങനെ


നാല്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഒന്നാം ഘട്ടത്തിലെ ജനറേറ്ററുകളുടെ പ്രധാനപ്പെട്ട യന്ത്രഭാഗങ്ങള്‍ക്ക് നവീകരണം ആവശ്യമാണെന്നതിന്റെ അടിസ്ഥാനത്തില്‍, ജനറേറ്ററുകളുടെ യന്ത്രഭാഗങ്ങളുടെ കാലപ്പഴക്കത്തെക്കുറിച്ച് പഠിക്കാന്‍ ബാംഗ്ലൂരിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാംഘട്ട ജനറേറ്ററുകളുടെ ഗവേണിംഗ് സിസ്റ്റം, എക്‌സ്സൈറ്റേഷന്‍ സിസ്റ്റം, കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയവയുടെ നവീകരണവും ആധുനികവത്ക്കരണവും നടത്താന്‍ തീരുമാനിച്ചു.

ഇത് കൂടാതെ പൊതുവായുള്ള ചില അനുബന്ധ സംവിധാനങ്ങള്‍ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാറ്റി വെയ്ക്കാനുള്ള ഭാഗങ്ങളുടെ ഡിസൈനിംഗും എഞ്ചിനീയറിംഗും ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. 2017 ജൂണ്‍ രണ്ടാം വാരത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൂന്നാം നമ്പര്‍ ജനറേറ്ററാണ് ആദ്യമായി നവീകരിക്കുന്നത്. ഈ യൂണിറ്റ് 9 മാസത്തേയ്ക്ക് അടച്ചിടേണ്ടി വരും. 42 മാസം കൊണ്ട് ആദ്യഘട്ട ജനറേറ്ററുകളുടെ നവീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എം.എം മണി പറഞ്ഞു.

Advertisement