തിരുവനന്തപുരം: പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതുവൈപ്പിനിലെ പൊലീസ് നടപടി തെറ്റാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയ ഡി.സി.പി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയും ഇന്ന് രംഗത്തെത്തിയിട്ടുണ്ട്.

യതീഷ് ചന്ദ്രയെ മാറ്റിനിര്‍ത്തിയുളള അന്വേഷണമാണ് ലാത്തിച്ചാര്‍ജ് അടക്കമുളള കാര്യങ്ങളില്‍ വേണ്ടതെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.


dONT mISS സ്ത്രീകള്‍ മൂത്രമൊഴിക്കുന്നത് ക്യാമറയിലാക്കാന്‍ തുനിഞ്ഞ ഉളുപ്പില്ലാത്ത പൊലീസ് കണ്ണിനേക്കാള്‍ അശ്ലീലമല്ല, ഒന്നും; പുതുവൈപ്പിലെ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍


അതേസമയം എല്‍.പി.ജി പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് താന്‍ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

താന്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്. സമരക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി നേരത്തെ സമരസമിതി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍.പി.ജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പെന്നാണ് സമരസമിതി അറിയിച്ചിരുന്നത്.