എഡിറ്റര്‍
എഡിറ്റര്‍
ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ മാന്യമായി മരിക്കാനെങ്കിലും ഗോ സംരക്ഷകര്‍ അനുവദിക്കണം: കെ.ടി ജലീല്‍
എഡിറ്റര്‍
Sunday 2nd July 2017 8:04am


കോഴിക്കോട്: രാജ്യത്ത് ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ മാന്യമായി മരിക്കാനെങ്കിലും ഗോ സംരക്ഷകരെന്ന് അവകാശപ്പെട്ട് വരുന്നവര്‍ അനുവദിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍. കോഴിക്കോട് ടാഗോര്‍ഹാളില്‍ കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ഏകദിന ഹജ്ജ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യവയേണ് കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ മന്ത്രി സംസാരിച്ചത്.


Also read ചാരക്കേസിന്റെ ഇര നമ്പി നാരായണനല്ല; അത് താനെന്ന് ടി.പി സെന്‍കുമാര്‍


‘ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് ഇതുവരെ 29 ജീവനാണ് രാജ്യത്ത് പൊലിഞ്ഞത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്നതിന്റെ അഹങ്കാരമാണ് ബി.ജെ.പിക്ക്. പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അനുവദിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുശേഷവും ഉത്തരേന്ത്യയില്‍ സമാന സംഭവങ്ങളുണ്ടായി. രാജ്യത്തെ ചെറിയൊരുവിഭാഗം ആളുകള്‍ മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ക്കുപിന്നില്‍.’ അദ്ദേഹം പറഞ്ഞു.

ഇത്തരം അക്രമങ്ങള്‍ക്കെതിരെ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണമെന്നും രാജ്യത്ത് നല്ല ദിനങ്ങള്‍ തിരിച്ച് വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇതിനെതിരെ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. രാജ്യത്ത് പ്രയാസത്തിന്റെ നാളുകളാണ് ഇപ്പോഴുള്ളതെങ്കിലും വൈകാതെ നല്ല ദിനങ്ങള്‍ തിരികെവരും’ മന്ത്രി പറഞ്ഞു.


Dont miss വസ്ത്രവ്യാപാര സ്ഥാപനത്തിനു പിന്നാലെ കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി


രാജ്യത്ത് നടമാടുന്ന തെറ്റായ ചെയ്തികള്‍ക്കെതിരെ മതേതര മനഃസാക്ഷി ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ വ്യാപകമായത്.

രാജ്യത്ത് ക്രമസമാധാനം ഗോ സംരക്ഷകരുടെ കയ്യിലായിട്ടും വിഷയത്തില്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി കഴിഞ്ഞ ദിവസമായിരുന്നു പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. എന്നാല്‍ ഇതിന് പിന്നാലെ ജാര്‍ഖണ്ഡില്‍ സമാനമായ രീതിയിലുള്ള അക്രമം നടന്നിരുന്നു.

Advertisement