തിരുവനന്തപുരം: മന്ത്രി കെ.  ബാബുവിനെതിരെ നിയമസഭയില്‍ വീണ്ടും അഴിമതി ആരോപണം. കുട്ടനാട് പാക്കേജില്‍ പോളവാരലില്‍ 15 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ഇന്ന് രാജു എബ്രഹം എം.എല്‍.എ രേഖമൂലമാണ് വെളിപ്പെടുത്തിയിട്ടുള്ളത്.

Ads By Google

എന്നാല്‍ തന്റെ കാലത്തല്ല കരാറിന് ടെണ്ടര്‍ വിളിച്ചതെന്ന് ബാബു വിശദീകരിച്ചു. ബാബുവിന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍ വിജിലന്‍സ് അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും എം.എല്‍.എ പറഞ്ഞു.

എക്‌സൈസ് മന്ത്രി കെ. ബാബു 100 കോടി രൂപ മദ്യ കമ്പനികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി ഇന്നലെ ബജറ്റ് ചര്‍ച്ചക്കിടെ നിയമസഭയില്‍ ബാബു എം പാലിശ്ശേരി എം.എല്‍.എ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അഴിമതി ആരോപണം.

വില നിശ്ചയിക്കാന്‍ മദ്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് തുക കൈപ്പറ്റിയതെന്നും ദുബായില്‍ വെച്ച് ഈ തുക കൈമാറിയെന്നും മദ്യ വ്യവസായി വിജയ് മല്യ ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബാബു എം പാലിശേരി ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ഷാഫി മേതത്തറിന് തുക കൈമാറിയതായും ബാബു എം പാലിശ്ശേരി ആരോപിച്ചിരുന്നു. സര്‍ക്കാരിന് ഈയിനത്തില്‍ 40 കോടി രൂപയാണ് സര്‍ക്കാരിന് ഈ അഴിമതിയെ തുടര്‍ന്ന് നഷ്ടമായതെന്നും എം.എല്‍.എ പറഞ്ഞിരുന്നു.