എഡിറ്റര്‍
എഡിറ്റര്‍
ദേശീയപാത വികസനത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെ തടഞ്ഞു
എഡിറ്റര്‍
Sunday 17th November 2013 11:08am

ibrahim

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിനെ ലീഗ് ഹൗസിന് മുന്നില്‍ തടഞ്ഞു വെച്ചു. ദേശീയപാത വികസനത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് മന്ത്രിയെ തടഞ്ഞു വെച്ചത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് മന്ത്രിയെ തടഞ്ഞത്.

കുടിയറക്ക് ഭീഷണി നേരിടുന്ന മലപ്പുറത്ത് നിന്നുള്ളവരാണിവര്‍. ഇവര്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.

180 ഓളം കുടുംബങ്ങളാണ് പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധക്കാരുമായി ലീഗ് നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്.

ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയാണ് പ്രതിഷേധം നടന്നത്.

ഹൈവേ നവീകരണത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്നവര്‍ക്കായി എന്തുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത് വരുന്നില്ലെന്ന് ഇവര്‍ നേതാക്കന്മാരോട് ചോദിച്ചു.

കിടപ്പാടവും സ്ഥലവും നഷ്ടപ്പെട്ടതിന് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദേശീയപാത വികസനം 30 മീറ്ററാക്കി നിജപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ചാനലുകാരെ കാണിക്കാന്‍ വേണ്ടിയാണ് പ്രതിഷേധമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, ഇത്തരം പ്രതിഷേധങ്ങള്‍ തങ്ങള്‍ ഒരുപാട് കണ്ടതാണെന്നും പറഞ്ഞു.

ഇത് ലീഗ് ഹൗസാണെന്ന് ഓര്‍മ വേണം. വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്‌തോളൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കിടപ്പാടം നഷ്ടപ്പെടുന്നവന്റെ വേദന ഇവര്‍ക്കറിയില്ല. പ്രതിഷേധം നടത്തുന്ന ഞങ്ങളെ വര്‍ഗീയവാദികളും തീവ്രവാദികളുമാക്കുന്നു. ഇവരെ എം.എല്‍.എമാരും എം.പിമാരുമാക്കിയത് ഞങ്ങളാണ്.

കിടപ്പാടത്തിന് വേണ്ടി മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Advertisement