കൊല്ലം:കരുനാഗപ്പള്ളിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മന്ത്രി സി. ദിവാകരന്‍  വോട്ടറെ മര്‍ദ്ദിച്ചതായി പരാതി. പ്രചാരണത്തിനായി റെയില്‍വെസ്റ്റേഷനിലെത്തിയ മന്ത്രി വോട്ടുതേടുന്നതിനിടെ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ കുലശേഖരപുരം സ്വദേശി സുധാകരന്‍ പറഞ്ഞു. സുധാകരന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചിക്ത്‌സയിലാണ്. സുധാകരന്റെ പരാതിയില്‍ മന്ത്രി സി.ദിവാകരനെതിരെ കരുനാഗപ്പള്ളി പോലീസ് കേസ്സെടുത്തു.

സുധാകരന്‍ റെയില്‍വേസ്റ്റേഷനിലെ ബഞ്ചിലിരിക്കുമ്പോള്‍ മന്ത്രി അതുവഴിവരികയായിരുന്നു. മന്ത്രി സ്വയം പരിചയപ്പെടുത്തി വോട്ടുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ യു.ഡി.എഫ് അനുഭാവിയാണെന്നും വോട്ടുതരില്ലെന്നും സുധാകരന്‍ പറഞ്ഞു. തുടര്‍ന്ന് കോളറില്‍ കയറിപ്പിടിക്കുകയും കയ്യിലിരുന്ന ഫയല്‍ വലിച്ചെടുത്ത് മുഖത്തടിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍, ആരോപണം കരുനാഗപ്പള്ളി എല്‍.ഡി.എഫ് കമ്മിറ്റി നിഷേധിച്ചു. മന്ത്രി വോട്ട് അഭ്യര്‍ത്ഥിച്ചശേഷം യാത്രക്കാരില്‍ ചിലരും സുധാകരനുമാണ് വാക്കേറ്റമുണ്ടായിരുന്നതെന്നും പ്രചാരണവുമായി സംഭവത്തിന് ബന്ധമില്ലെന്നും എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി അറിയിച്ചു. സി.ദിവാകരനെതിരെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.